SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

വെയിലെത്തും മുമ്പേ

g

കൊച്ചി: 'ഉച്ചയ്ക്ക് മുന്നേ വോട്ടിട്ടാൽ രണ്ടുണ്ട് ഗുണം. ഒന്ന് രാവിലെ തന്നെ വോട്ടുറപ്പായി എന്നൊരു ആശ്വാസം. പിന്നെ ഈ ചൂടല്ലേ... പുറത്തിറങ്ങാൻ പറ്റുമോ...' മോണകാട്ടി ചിരിച്ച് 92 കാരനായ പീറ്റർ ഒമ്പതോടെ മുനമ്പം പള്ളിപ്പോർട്ട് ഗവ. എൽ.പി സ്കൂളിലെ പോളിംഗ് സ്റ്റേഷനിലെത്തിയതിന്റെ ഗുട്ടൻസ് പറഞ്ഞു. ഊന്നുവടി കുത്തി, പരസഹായമില്ലാതെയാണ് അപ്പൂപ്പന്റെ വരവ്. പ്രതിപക്ഷ നേതാവ് മുതൽ കന്നിവോട്ടർമാർ വരെ പീറ്ററപ്പൂപ്പന്റെ ലൈൻ പിടിച്ച്, വോട്ടുറപ്പാക്കിയതോടെ ജില്ലയിൽ രാവിലെ പോളിംഗ് കത്തിക്കയറി.

പറവൂർ, വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടത് പൊള്ളുന്ന ചൂടിന് മുമ്പേ വോട്ട് ചെയ്യാനുള്ള വോട്ടർമാരുടെ ഓട്ടമായിരുന്നു. കൃത്യം ഏഴിന് തന്നെ പോളിംഗ് തുടങ്ങി. ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. പതിവ് പോലെ രാവിലെ വോട്ട് ചെയ്ത് വേഗം മടങ്ങാൻ കണക്കുകൂട്ടി എത്തിയവരെല്ലാം നിരാശരായി. അത്രയ്ക്കായിരുന്നു നീണ്ടനിര. 6.30ന് തന്നെ ആളുകൾ പോളിംഗ് ബൂത്തിൽ സ്ഥാനം പിടിച്ചിരുന്നു. അക്കൂട്ടത്തിൽ വി.ഡി സതീശനും ഉണ്ടായിരുന്നു. പറവൂർ മണ്ഡലത്തിലെ കോട്ടുവള്ളിക്കാട്, മാല്യങ്കര എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് ആവേശം വാനോളമായിരുന്നു.

പറവൂർ മണ്ഡലം വിട്ട് വൈപ്പിനിലേക്ക് വരുമ്പോൾ തീരത്തെ ബോട്ടുകൾ അടുപ്പിച്ചിട്ടിരിക്കുന്നു. സമ്മതിദാനം വിനിയോഗിക്കാൻ മത്സ്യത്തൊഴിലാളികൾ നാട്ടിലുണ്ടെന്നതിന്റെ തെളിവ്. വഴിയരികിലെല്ലാം കൂട്ടംകൂടി യുവാക്കൾ. എത്രയും പെട്ടെന്ന് വോട്ട് ചെയ്ത് വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. വെയിൽ തന്നെയാണ് പ്രശ്നം! മുനമ്പം പള്ളിപ്പോർട്ട് ഗവ. എൽ.പി. സ്കൂളിൽ എത്തിയപ്പോഴാണ് പീറ്ററപ്പൂപ്പന്റെ വരവ്. വോട്ട് ചെയ്ത് മടങ്ങും വഴി ചൂണ്ടുവിരലിൽ മഷിപുരണ്ടത് ക്യാമറയ്ക്ക് മുന്നിലേക്ക് നീട്ടി. പിന്നീട് ഗൗരവത്തിൽ സ്കൂളിന് പുറത്തേക്ക്. നൂറ് പിന്നിട്ട ചെറായി രാമവർമ്മ യൂണിയൻ സ്കൂളിൽ എത്തുമ്പോൾ ഇടത് സ്ഥാനാർത്ഥി എം.ബി. ഷൈനി മുന്നിൽ. വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു സ്ഥാനാർത്ഥി.

വാച്ചാക്കൽ എത്തിയപ്പോഴും എം.ബി. ഷൈനി വീണ്ടും മുന്നിൽ. രാവിലെ പോളിംഗ് കൂടിയതിന് ചൂടാണോ കാരണം? വെയിലാകും മുമ്പ് വോട്ട് ചെയ്ത് മടങ്ങാമെന്നുറപ്പിച്ച് ആളുകൾ എത്തുകയാണ്. ഷൈനിയുടെ മറുപടിയെത്തി. സ്ഥാനാർത്ഥിയോടും യാത്രപറഞ്ഞ് കൊച്ചി മണ്ഡലം ഉൾപ്പെടുന്ന വൈപ്പിനിലെത്തി. സമയം 12 കഴിഞ്ഞിരുന്നതിനാൽ പോളിംഗ് ബൂത്തുകളിൽ വിരലിലെണ്ണാവുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുടചൂടിയും തൊപ്പിവച്ചുമാണ് അവരുടെ നിൽപ്പ്.. രാവിലെ നല്ല തിരക്കായിരുന്നു. ഇപ്പോൾ ആളില്ല. വൈകിട്ട് തിരക്ക് കൂടും. വോട്ട് ചെയ്ത് മടങ്ങിയ ഒരാൾ പറഞ്ഞു. വെയിൽ ഒഴിഞ്ഞതോടെ ബൂത്തുകളിൽ തിരക്കായി. നല്ല തിരക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL