SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.16 AM IST

ഇന്ന് ലോക പൈതൃകദിനം കാടുവിഴുങ്ങി ഓൾഡ് റെയിൽവേ സ്റ്റേഷൻ

old
എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന്റെ അവശിഷ്ടങ്ങൾ (ഫയൽചിത്രം)

കൊച്ചി: നവോത്ഥാന ചരിത്രത്തിൽ അടയാളപ്പെടുത്തിയ എറണാകുളം ഓൾഡ് റെയിൽവേസ്റ്റേഷൻ കാടുമൂടി നാശത്തിന്റെ വക്കിൽ. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ 101വർഷംമുമ്പ് മഹാത്മാഗാന്ധി വന്നിറങ്ങിയ ഓൾഡ് റെയിൽവേസ്റ്റേഷൻ പൈതൃക സ്മാരകമാക്കണമെന്ന ആവശ്യം വനരോദനമായി. നാൽപതേക്കർ റെയിൽവേ ഭൂമിയിലെ കാട്ടുപടർപ്പുകൾക്കിടയിൽ പ്രേതകുടീരംപോലെ ജീർണിച്ച് തീരുകയാണിവിടം.

കൊച്ചി നഗരഹൃദയത്തിൽ ഹൈക്കോടതിക്ക് സമീപം മംഗളവന മേഖലയിലാണ് 124 വയസുള്ള പഴയ റെയിൽവേ സ്റ്റേഷൻ. 1902 ജൂലായ് 16നാണ് ആദ്യട്രെയിൻ എത്തിയത്. 1929ൽ എറണാകുളം സൗത്ത് സ്റ്റേഷൻ സജ്ജമായതോടെ പ്രാധാന്യം കുറഞ്ഞു. 1960കൾവരെ ഓൾഡ് സ്റ്റേഷനിലേക്ക് പാസഞ്ചർ സർവീസുകളുണ്ടായിരുന്നു. വാസ്തുഭംഗിയോടെ പണിത ചെങ്കൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ഇരുമ്പുപാളങ്ങളും തുരുമ്പിച്ച യന്ത്രഭാഗങ്ങളും ഗർഡറുകളും പൊളിഞ്ഞ പ്ലാറ്റ്ഫോമും മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. സ്റ്റേഷന് പ്രൗഢിപകർന്ന ഇറ്റാലിയൻ മാർബിൾ ടൈലുകൾ മണ്ണിനടിയിലായിക്കഴിഞ്ഞു. സാമൂഹികവിരുദ്ധരുടേയും ഇഴജന്തുക്കളുടേയും താവളമാണിവിടം. ഫോട്ടോഷൂട്ടിനായി പലരും അതിക്രമിച്ചു കയറിയതിനാൽ സമീപകാലത്ത് ചുറ്റമതിൽപണിതു.

ഓൾഡ് റെയിൽവേ സ്റ്റേഷന്റെ സംരക്ഷണത്തിനായി ജനകീയസമിതി പല നിവേദനങ്ങളും നൽകിയിരുന്നു. സബർബൻ പാതയുടെ ഹബ്ബാക്കുമെന്നും ഗുഡ്സ് ഷെഡ്ഢാക്കുമെന്നും റെയിൽവേ മെഡിക്കൽ കോളേജ് സ്ഥാപിക്കുമെന്നും റെയിൽവേയുടെ പല പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഒന്നും നടപ്പായില്ല. വൻമരങ്ങൾവരെ വേരാഴ്ത്തിയ സാഹചര്യത്തിൽ സ്റ്റേഷൻ നിലംപൊത്താവുന്ന അവസ്ഥയിലാണ്.

പഴക്കം 124 വർഷം

ആദ്യ ട്രെയിൻ എത്തിയത്

1902 ജൂലായ് 16ന്

രാജകിരീടവും മൂലധനം

നാട്ടുരാജാവായിരുന്ന രാജർഷി രാമവർമയുടെ ഇച്ഛാശക്തിയിലാണ് കൊച്ചിയിലേക്ക് ട്രെയിൻ എത്തിയത്. ഷൊർണൂരിൽ അവസാനിച്ചിരുന്ന പാത നീട്ടാൻ അദ്ദേഹം ബ്രിട്ടീഷുകാരെ സമീപിക്കുകയായിരുന്നു. ജനങ്ങളിൽനിന്ന് കപ്പംപിരിച്ച് മൂലധനം കണ്ടെത്താനായിരുന്നു നിർദ്ദേശം. ഇതിന് മുതിരാതെ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ 14 സ്വർണനെറ്റിപ്പട്ടങ്ങളും തികയാതെ വന്നപ്പോൾ സ്വന്തം സ്വർണക്കിരീടവും രാജർഷി വിൽക്കുകയായിരുന്നു. ആകെ 42ലക്ഷം രൂപയാണ് ചെലവ് വന്നത്.

ഗാന്ധിജി​യും ബ്രിസ്റ്റോയും

വൈക്കം സത്യാഗ്രഹത്തിനായി ഗാന്ധിജി​ വന്നിറങ്ങിയത് 1925 മാർച്ചിലാണ്. കൊച്ചി ആധുനിക തുറമുഖത്തിന്റെ ശില്പിയായ ബ്രിട്ടീഷ് എൻജിനിയർ റോബർട്ട് ബ്രിസ്റ്റോയടക്കം പല പ്രമുഖരുടേയും കാൽപ്പാടുകൾ പതിഞ്ഞതാണ് ഓൾഡ് റെയിൽവേ സ്റ്റേഷൻ.

ഓൾഡ് റെയിൽവേ സ്റ്റേഷൻ നവീകരിക്കണമെന്നത് ജനകീയാവശ്യമാണ്. റെയിൽവേ ക്രിയാത്മക പദ്ധതിയൊന്നും തയ്യാറാക്കിയതായി അറിവിലില്ല.

ടി.ജെ. വിനോദ്

എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL