SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

പുന്നച്ചാൽ പാടത്ത് സൂര്യകാന്തി വസന്തം

d

കണ്ടനാട്: തരിശായി കിടന്നിരുന്ന പുന്നച്ചാൽ പാടശേഖരം വീണ്ടും പച്ചപ്പണിഞ്ഞു. ഒരുവശത്ത് സൂര്യകാന്തിപ്പൂക്കളും മറുവശത്ത് കടുംപച്ചയിൽ നിറഞ്ഞുനിൽക്കുന്ന തണ്ണിമത്തൻ തോട്ടങ്ങളും, പന്തൽ വിരിച്ച് വളരുന്ന പടവലവും പയറും ചേർന്ന മനോഹരക്കാഴ്‌ച. കാറ്റിലാടുന്ന സൂര്യകാന്തിപ്പൂക്കളെന്നും പ്രദേശവാസികൾക്കും യാത്രക്കാർക്കും ഒരത്ഭുതമാണ്. തുടർച്ചയായ നാലാം വർഷമാണിവിടെ ഈ സൂര്യകാന്തി കൃഷി നടത്തുന്നത്. കണ്ടനാട് കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ മനു ഫിലിപ്പ് തുകലനും സാജു കുര്യൻ വൈശ്യംപറമ്പിലും ചേർന്നാണ് വർഷങ്ങളായി കൃഷി നടക്കാതിരുന്ന പാടത്ത് സൂര്യകാന്തിയും വിവിധയിനം പച്ചക്കറികളും വിളയിച്ചത്. ലാഭത്തിനപ്പുറം പാടശേഖരത്തിൽ എത്തുന്നവർക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ച ഒരുക്കുക എന്നതാണ് പൂന്തോട്ടത്തിനു പിന്നിലെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു.

ഏഴ് തരം തണ്ണിമത്തനുകൾ, പടവലം, പയർ, പാവയ്ക്ക, ചുരക്ക, മത്തങ്ങ, പൊട്ടുവെള്ളരി, വെള്ളരിക്ക എന്നിവയും ഇവിടെ സമൃദ്ധമായി വളരുന്നു. കഴിഞ്ഞ വർഷം നടൻ ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ നടന്ന നെൽക്കൃഷിക്ക് ശേഷമാണ് ഇത്തവണ സൂര്യകാന്തിയും പച്ചക്കറികളും കൃഷി ചെയ്തത്. മുൻവർഷങ്ങളിൽ സന്ദർശകർക്ക് ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഇത്തവണ പ്രവേശനം സൗജന്യമാണ്. കൃഷിയുടെ സൗന്ദര്യം ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്. നിറഞ്ഞുനിൽക്കുന്ന വിളകൾ പുന്നച്ചാൽ പാടത്തെ ഒരു കാർഷികോത്സവത്തിന്റെ ഭാവത്തിലേക്ക് ഉയർത്തുന്നു. പുന്നച്ചാൽ പാടത്ത് വിരിഞ്ഞുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കളും പച്ചപ്പിന്റെ സമൃദ്ധിയും കാണാനായി ഇതിനകം നിരവധി ആളുകളാണ് എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL