SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

ആർമി​ ടവർ: വാടക മുടങ്ങി​ വീണ്ടും പ്രതി​സന്ധി​

g

വാടക നൽകാതെ എ.ഡബ്‌ള്യു.എച്ച്.ഒ

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ ദുർബലാവസ്ഥയിലായ രണ്ട് 29 നില ആർമി ടവറുകളിൽ നിന്ന് ഒഴിപ്പിച്ച ഫ്ളാറ്റുടമകൾക്ക് വാടക നൽകാതെ നിർമ്മാണക്കമ്പനിയായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്‌ള്യു.എച്ച്.ഒ) ഒളിച്ചുകളിക്കുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആറുമാസത്തെ വാടക മുൻകൂറായി നൽകിയെങ്കിലും പിന്നീട് അധികൃതർ മൗനത്തിലാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വാടക കുടിശികയാണ്.

ആകെയുള്ള 204 ഫ്ളാറ്റുടമകളിൽ 153 പേർക്കാണ് വാടക അനുവദിച്ചിട്ടുള്ളത്. വാടക മുടങ്ങിയതോടെ പലരുടെയും ജീവിതം പ്രതിസന്ധിയിലായി. മാസം ശരാശരി 30,000 രൂപ വാടകയ്ക്കാണ് ഇവരെല്ലാം സമീപപ്രദേശങ്ങളിൽ താമസിക്കുന്നത്.

പുനർനിർമ്മാണത്തിനായി 250 കോടി രൂപയുടെ പദ്ധതിയാണ് ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളത്. ഫണ്ട് എ.ഡബ്‌ള്യു.എച്ച്.ഒ പ്രത്യേക സമിതിയുടെ അക്കൗണ്ടിലേക്ക് കൈമാറണം. എന്നാൽ, ഈ ഫണ്ടിലേക്ക് പണം നൽകാതെ ഫ്ളാറ്റുടമകളുടെ അക്കൗണ്ടിലേക്ക് എ.ഡബ്‌ള്യു.എച്ച്.ഒ നേരിട്ട് നൽകുകയായിരുന്നു. 28ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക വിളിച്ച യോഗത്തിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ എ.ഡബ്‌ള്യു.എച്ച്.ഒ പ്രതിനിധി തടസവാദങ്ങൾ നിരത്തി. എങ്കിലും എത്രയും വേഗം വാടക നൽകണമെന്ന് കളക്ടർ അന്ത്യശാസനം നൽകി. യോഗത്തിൽ എ.ഡബ്‌ള്യു.എച്ച്.ഒ എം.ഡിയോ പ്രതിനിധിയോ എത്തിയിരുന്നില്ല. കളക്ടറുടെ നിർബന്ധത്താൽ ഡൽഹി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ ഓൺലൈനിൽ പങ്കെടുക്കുകയായിരുന്നു.

കളക്ടർ മാറിനിൽക്കുന്നു; കേസ് സുപ്രീംകോടതിയിൽ

ആർമി ടവർ പുനർനിർമ്മാണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് ജില്ലാ കളക്ടർ മാറിനിൽക്കുന്നതിനെതിരെ ഫ്ളാറ്റുടമയായ റിട്ട. കേണൽ സിബി ജോർജ്ജ് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവുപ്രകാരം കളക്ടർ അദ്ധ്യക്ഷയായ സമിതിക്കാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമ്മിക്കാനുള്ള ചുമതല. എന്നാൽ, പുനർനിർമ്മാണം സംബന്ധിച്ച കരാറുകളിൽ കളക്ടർ കക്ഷിയാകില്ലെന്ന് എ.ഡബ്‌ള്യു.എച്ച്.ഒയും റസിഡന്റ്സ് വെൽഫെയർ അസോസിയേഷനും കളക്ടറും ഫെബ്രുവരിയിൽ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് സിബി ജോർജ്ജിന്റെ നീക്കം. ഉടമകളെ കബളിപ്പിച്ച എ.ഡബ്‌ള്യു.എച്ച്.ഒയെയും റസിഡന്റ്സ് അസോസിയേഷനെയും പുനർനിർമ്മാണം ഏല്പിച്ചാൽ മുൻപത്തേക്കാൾ വലിയ ദുരന്തമായി കലാശിക്കുമെന്നാണ് ഹർജിയിലെ ആരോപണം. മേയ് എട്ടിന് സുപ്രീംകോടതി ഹർജി പരിഗണിക്കും.

പൊളി​ക്കൽ: യോഗ്യത ഒരു കമ്പനിക്ക് മാത്രം

കെട്ടിടം പൊളിക്കാനും പുനർനിർമ്മിക്കാനും നാല് ടെൻഡറുകൾ എത്തി​യി​രുന്നു. ഇതി​ൽ ഒരാൾ മാത്രമാണ് യോഗ്യത നേടി​യത്. ഇതി​നാൽ ടെൻഡർ സമർപ്പി​ക്കാനുള്ള അവസാന തീയതി​ മേയ് 30 വരെ നീട്ടി​.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL