SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

വർഷങ്ങളുടെ മുന്നൊരുക്കം

കൊച്ചി: കളമശേരിയിൽ വ്യവസായ മന്ത്രി പി. രാജീവിനെ അട്ടിമറിക്കാൻ വി.ഇ. അബ്ദുൾ ഗഫൂറിനെ തുണച്ചത് രണ്ടുകാര്യങ്ങൾ. യു.ഡി.എഫ് മേൽക്കൈയുള്ള മണ്ഡലം തിരിച്ചുപിടിക്കാൻ ലീഗും കോൺഗ്രസും കൈമെയ് മറന്ന് പ്രവർത്തിച്ചു. 2021ൽ തിരിച്ചടിയേറ്റ മേഖലകളിലെ വോട്ടുകൾ തിരികെ എത്തിക്കാൻ അബ്ദുൾ ഗഫൂർ നേരിട്ടിറങ്ങി.

2021ൽ പാലാരിവട്ടം പാലം അഴിമതിയടക്കം പിതാവ് മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നേർക്ക് ഉയർന്ന അഴിമതി ആരോപണങ്ങളിലും കേസിലും യു.ഡി.എഫ് തന്നെ ആടിയുലഞ്ഞപ്പോൾ അബ്ദുൾ ഗഫൂറിനും പിടിച്ചുനിൽക്കാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് കോട്ടയായ ആലങ്ങാടും കരുമാല്ലൂരുമടക്കം പിടിച്ചെടുത്തത് മണ്ഡലത്തിൽ ആധിപത്യം ഉറപ്പിച്ചു. വ്യവസായ മന്ത്രിയെന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സർക്കാരിന്റെ നേട്ടങ്ങളും ഉയർത്തിയായിരുന്നു പി. രാജീവിന്റെ പ്രചാരണം. 18ലധികം സാംസ്‌കാരിക നായകന്മാരടക്കം പ്രചാരണത്തിനിറങ്ങി. എന്നാൽ കളംനിറഞ്ഞുള്ള അബ്ദുൾ ഗഫൂറിന്റെ മുന്നേറ്റത്തെ തടയാൻ ഇടത് മുന്നണിക്കായില്ല.

ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പെന്ന നിലയിൽ അനുകമ്പാതരംഗവും മണ്ഡലത്തിലുണ്ടായിരുന്നു. മുസ്ലിം-ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫിലേക്ക് ചേക്കേറിയതും അബ്ദുൾ ഗഫൂറിന്റെ വിജയത്തിന് തിളക്കമേകി. തുടക്കത്തിൽ അനായാസ ജയമെന്ന് കണക്കുകൂട്ടിയ സി.പി.എം മൂന്നാം ഘട്ട പ്രചാരണത്തിലേക്ക് എത്തിയതോടെയാണ് മത്സരം ഇഞ്ചോടിഞ്ചെന്ന് തിരിച്ചറിഞ്ഞത്. കുറഞ്ഞ ഭൂരിപക്ഷത്തിന് കടന്നുകൂടുമെന്ന് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടലും പിഴച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL