
കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ജ് ആർമി ടവർ പൊളിക്കലിൽ ജില്ലാ കളക്ടർക്കെതിരെ നാല് ഫ്ളാറ്റുടമകൾ രംഗത്ത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സ്വീകരിക്കുന്ന നടപടികൾക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കി ഇവർ ജില്ലാ കളക്ടർക്കും പൊളിക്കാൻ യോഗ്യത നേടിയ എഡിഫൈസ് എൻജിനിയറിംഗ്എന്ന കമ്പനിക്കും മറ്റും കത്തു നൽകി. ഇതോടെ ഫ്ളാറ്റുടമകൾക്കിടയിലെ രൂക്ഷമായ ഭിന്നതയും പുറത്തുവന്നു.
ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടർ അദ്ധ്യക്ഷയായ കമ്മറ്റിക്കാണ് രണ്ട് ടവറുകളിലെയും താമസക്കാരെ ഒഴിപ്പിച്ച് പൊളിച്ച് മാറ്റി പുനർനിർമ്മിക്കാനുള്ള ചുമതല. എന്നാൽ, ജില്ലാ കളക്ടറോ കമ്മിറ്റിയോ ഇതുസംബന്ധിച്ച് കരാറുകളിൽ കക്ഷിയാകാതെ കരസേനയുടെ നിയന്ത്രണത്തിലുള്ള നിർമ്മാണകമ്പനിയായ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് (എ.ഡബ്‌ള്യു.എച്ച്.ഒ.) സൗകര്യമൊരുക്കുകയാണെന്നാണ് കത്തിലെ പരാതി.
കെട്ടിടം പൊളിക്കാനുള്ള ടെണ്ടർ നടപടികൾ കളക്ടർ അദ്ധ്യക്ഷയായ കമ്മറ്റിയാണ് സ്വീകരിച്ചത്. എന്നാൽ ഇതു സംബന്ധിച്ച കരാറിൽ എ.ഡബ്‌ള്യു.എച്ച്.ഒയും ചന്ദേർകുഞ്ജ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനും പ്രോജക്ട് മാനേജ്മെന്റ് ഏജൻസിയും ഒപ്പു വച്ചാൽ മതിയെന്നാണ് ഫെബ്രുവരി 11ന് ചേർന്ന സമിതിയുടെ തീരുമാനം. മേജർ പ്രിൻസ് ജോസ്(റിട്ട.), വാറണ്ട് ഓഫീസർ മോസസ് ഹെൻട്രി മോത, ക്യാപ്ടൻ പോൾ എരിഞ്ഞേരി (റിട്ട.), കേണൽ സിബി ജോർജ്ജ് (റിട്ട.) എന്നിവരാണ് കത്തിൽ ഒപ്പുവച്ചിട്ടുളളത്.
കത്തിൽ പറയുന്നത്
• ഹൈക്കോടതി രൂപീകരിച്ച പുനർനിർമ്മാണ കമ്മിറ്റി ഉൾപ്പെടാത്ത ഒരു കരാറിനും നിയമസാധുതയില്ല.
• ഇക്കാര്യം സംബന്ധിച്ച് സുപ്രീം കോടതിയിൽ ഫ്ളാറ്റുടമയുടെ കേസ് നിലവിലുണ്ട്
• ആർമി ടവർ പ്രശ്നത്തിൽ എ.ഡബ്‌ള്യു.എച്ച്.ഒയും റെസിഡന്റ്സ് അസോസിയേഷനും എതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.
• പൊളിക്കൽ ടെണ്ടർ വിളിച്ച കമ്മിറ്റി കരാറിൽ ഒപ്പുവയ്ക്കാത്തത് ദുരൂഹം
250 കോടിയുടെ വിനിയോഗം
250 കോടിയാണ് പുനർനിർമ്മാണ ചെലവ്. ഇത് വഹിക്കേണ്ടത് എ.ഡബ്‌ള്യു.എച്ച്.ഒയാണ്. ജില്ലാ കളക്ടർ ആവശ്യപ്പെടുന്നതനുസരിച്ചുള്ള തുകകൾ കമ്മിറ്റിയുടെ പ്രത്യേക അക്കൗണ്ടിലേക്ക് നൽകണം. 29 നിലയുള്ള രണ്ടു ടവറുകൾ നിർമ്മിച്ച് ആറാം വർഷം പൊളിക്കേണ്ടി വന്നത് തന്നെ വൻ അഴിമതിയായിരുന്നു.
ടവറുകൾ പൊളിക്കൽ കാര്യത്തിൽ നടപടിയൊന്നും ആയിട്ടില്ല. പിന്നീട് പ്രതികരിക്കാം.
ജിഗാർ ഛെദ്ദ,
എഡിഫൈസ് എൻജിനിയറിംഗ്
ജൂൺ 9ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിലാണ് അന്തിമ തീരുമാനം. ഫ്ളാറ്റ് ഉടമകളുടെ താത്പര്യം സംരക്ഷിക്കും
സജി തോമസ്,
പ്രസിഡന്റ്,
റെസിഡന്റ്സ് വെൽഫയർ അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |