SignIn
Kerala Kaumudi Online
Thursday, 11 June 2026 9.11 AM IST

മൃതദേഹത്തിൽ കത്തിവയ്ക്കേണ്ട വെർച്വൽ ഓട്ടോപ്‌സി പരിഗണനയിൽ

f

കൊച്ചി: മൃതദേഹം കീറിമുറിച്ചുള്ള പോസ്റ്റ്‌മോർട്ടത്തിന് പകരമായി വെർച്വൽ ഓട്ടോപ്‌സി സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ. പ്രിയപ്പെട്ടവരുടെ മൃതദേഹം കീറിമുറിക്കരുതെന്ന് അപേക്ഷിക്കുന്നവർ കൂടിവരുന്ന സാഹചര്യത്തിലാണിത്. ആദ്യകേന്ദ്രം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടങ്ങാനാണ് ആലോചന.
വെർച്വൽ ഓട്ടോപ്‌സി കേന്ദ്രത്തിന്റെ രൂപരേഖ ഫോറൻസിക് വിദഗ്ദ്ധർ സർക്കാരിന് കൈമാറി. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. എ.കെ. ഉൻമേഷിന്റെ നേതൃത്വത്തിലാണിത് തയ്യാറാക്കിയത്.
നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച എട്ടുവയസുകാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചപ്പോൾ, കീറിമുറിക്കരുതെന്ന് ഡോക്ടർമാരോട് രക്ഷിതാക്കൾ അപേക്ഷിച്ചത് വാർത്തയായിരുന്നു. 60 ശതമാനം കേസുകളിലും മരണകാരണം ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ വെർച്വൽ ഓട്ടോപ്‌സിയിലൂടെ കണ്ടെത്താൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗത രീതിയുടെ കാലതാമസവും കുറയ്‌ക്കാം.

അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്‌മോർട്ടം നിർബന്ധം


ദുരൂഹ സാഹചര്യങ്ങളിലുള്ള സ്വാഭാവിക മരണങ്ങൾ, ദൃക്‌സാക്ഷി മൊഴികളുള്ള അപകടമരണങ്ങൾ എന്നിവയിൽ പരമ്പരാഗത പോസ്റ്റ്‌മോർട്ടം ഒഴിവാക്കാം.
ഡൽഹി എയിംസ്, ഋഷികേശ്, ഭോപ്പാൽ, ഷില്ലോംഗ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വെർച്വൽ ഓട്ടോപ്സി സംവിധാനമുണ്ട്. നിയമപ്രകാരം അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്‌മോർട്ടം നിർബന്ധമാണ്. പ്രാഥമിക അന്വേഷണവും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കി അപൂർവ സാഹചര്യങ്ങളിൽ മാത്രമേ പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുക്കാറുള്ളൂ.


വെർച്വൽ ഓട്ടോപ്‌സി


സി.ടി സ്‌കാൻ, എം.ആർ.ഐ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ശരീരത്തിൽ പ്രാഥമിക പരിശോധനയ്‌ക്കുശേഷമാണ് സ്‌കാനിംഗ്. ശരീരത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള സ്കാൻ ചിത്രങ്ങൾ, ചില സാമ്പിളുകൾ എന്നിവ പരിശോധിച്ച് മരണകാരണം കണ്ടെത്തും. ഇതിനായി സോഫ്റ്റ് വെയറുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കുകയും ഡോക്ടർമാർക്കും ജീവനക്കാർക്കും പരിശീലനം നൽകുകയും വേണം.

നേട്ടങ്ങൾ


 പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഡിജിറ്റൽ രൂപത്തിൽ സെർവറുകളിൽ സൂക്ഷിച്ച് പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ഉപയോഗിക്കാം
 പോസ്റ്റ്‌മോർട്ടം വേളയിൽ സാംക്രമിക രോഗങ്ങൾ പകരുന്നത് ഒഴിവാക്കാം
 പ്രിയപ്പെട്ടവരുടെ ശരീരം കീറിമുറിക്കരുതെന്ന മാനുഷിക വികാരം ഉൾക്കൊള്ളാം

 പൊതുസമൂഹത്തിനും സർക്കാരിനും അന്വേഷണ ഏജൻസികൾക്കും കോടതികൾക്കും ഉപയോഗപ്രദം

കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയിൽ സർക്കാർ അടിയന്തരപ്രാധാന്യം നൽകണം.
ഡോ. എ.കെ. ഉൻമേഷ്,
ഫൊറൻസിക് വിഭാഗം മേധാവി,
കോട്ടയം മെഡിക്കൽ കോളേജ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL