SignIn
Kerala Kaumudi Online
Monday, 15 June 2026 2.53 AM IST

ജില്ലയാകെ ഹോട്ട്‌സ്‌പോട്ടിൽ!  

fever

കൊച്ചി: കാലവർഷം കനത്തതോടെ ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഒരാഴ്ചയായി ഡെങ്കിപ്പനി പടർന്നുപിടിക്കുകയാണ്. ജൂൺ 7 മുതൽ 13 വരെ മാത്രം 97 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകളും 26 സ്ഥിരീകരിച്ച കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കൊച്ചി നഗരസഭയിൽ കടവന്ത്ര, തേവര, മൂലംകുഴി, മട്ടാഞ്ചേരി (ഡബ്ല്യു ആൻഡ് സി ആശുപത്രി പരിസരം) തുടങ്ങിയ നഗരപ്രദേശങ്ങളും ഉദയംപേരൂർ, കുമ്പളങ്ങി, പിഴല, വേങ്ങൂർ, തൃപ്പൂണിത്തുറ, ആലങ്ങാട്, കളമശേരി, ആലുവ തുടങ്ങിയ ഗ്രാമീണ - നഗരപ്രാന്ത മേഖലകളും പ്രധാന ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകളാണ്.

ഇൻഫ്ലുവൻസ മരണവും

പനിബാധിതരുടെ കുതിച്ചുചാട്ടവും

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം 4,973 പേർ പനി ബാധിച്ച് ചികിത്സ തേടി. പ്രതിദിന പനിബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതിനിടെ ശ്വാസകോശത്തെ ബാധിക്കുന്ന ഇൻഫ്ലുവൻസ എ ബാധയെത്തുടർന്ന് പെരുമ്പാവൂരിലെ 85കാരി മരണമടഞ്ഞത് കൂടുതൽ ആശങ്കയിലാക്കുന്നു. ഇൻഫ്ലുവൻസ കേസുകൾ ശനി ആയപ്പോഴേക്കും ഒറ്റദിവസം കൊണ്ട് 11 ആയി ഉയർന്നു. ചൊവ്വ മുതൽ തുടർച്ചയായി എല്ലാ ദിവസവും ജില്ലയിൽ എലിപ്പനി സംശയിക്കുന്ന ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

 ഡ്രൈ ഡേ കർശനമാക്കണം

പകർച്ചപ്പനികൾ ഒരേസമയം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി. പനിക്ക് സ്വയംചികിത്സ പൂർണമായും ഒഴിവാക്കണം. ഇത് ഡെങ്കിപ്പനി പോലുള്ള രോഗങ്ങളിൽ ആന്തരിക രക്തസ്രാവം ഉൾപ്പെടെയുള്ള തീവ്രമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. മലിനജല സമ്പർക്കമുള്ളവർ എലിപ്പനിക്കെതിരെയുള്ള ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളികകൾ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കേണ്ടതാണ്.

രോഗവിവര കണക്കുകൾ

തീയതി, പനി (ഒ.പി), പനി (ഐ.പി), ഡെങ്കിപ്പനി (സംശയം) ഡെങ്കിപ്പനി (സ്ഥിരീകരിച്ചത്), എലിപ്പനി (സംശയം) ഇൻഫ്ലുവൻസ, മരണങ്ങൾ,

ജൂൺ 7, 378, 3, 11, 4, 0, 0, 0

 ജൂൺ 8, 804, 18, 8, 2, 0, 0, 0

ജൂൺ 9, 903, 16, 12, 5, 1, 0, 1

ജൂൺ 10, 1075, 19, 10, 2, 1, 1, 0

ജൂൺ 11, 1062, 17, 16, 2, 1, 1, 0

 ജൂൺ 12, 1098, 22, 29, 9, 1, 3, 0

ജൂൺ 13, 753 , 16, 11, 2, 1, 11, 0

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL