
കൊച്ചി: എടത്തലയിൽ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന് സംഭവദിവസം പിതാവിന്റെ മർദ്ദനമേറ്റതായി പൊലീസ്. മർദ്ദനമേറ്റ് കുട്ടി നിലവിളിക്കുന്നത് അയൽവാസികളും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമാണ് പൊലീസിനെ അറിയിച്ചത്. കുട്ടി മതഗ്രന്ഥം വലിച്ചെറിഞ്ഞതും അശുദ്ധമാക്കുന്ന രീതിയിൽ പെരുമാറിയതുമാണ് പിതാവിനെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ മുതുകത്തും കാലിലുമുള്ള ആഴത്തിലുള്ള മുറിവുകൾ മർദ്ദനത്തെ തുടർന്നാണെന്നാണ് പൊലീസിന്റെ സംശയം. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ശിശുസംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കുട്ടി വ്യക്തമായ മൊഴി നൽകിയാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പിതാവിനെ പ്രതിയാക്കി കേസെടുക്കും.
എടത്തല പുക്കാട്ടുപടിയിലെ വീട്ടിൽ പിതാവിന്റെ സംരക്ഷണയിൽ കുട്ടി സുരക്ഷിതനായിരിക്കില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് എടത്തല പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കുടുംബപശ്ചാത്തലം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്കും റൂറൽ സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റിനും കമ്മിറ്റി നിർദ്ദേശം നൽകി. കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷിതത്വവും അന്വേഷണ പരിധിയിലുണ്ട്.
ജൂൺ ഒന്നിന് രാത്രിയാണ് കുട്ടിയെ ദേഹമാസകലം പൊള്ളലും മുറിവുമേറ്റ നിലയിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഏഴുവയസുകാരന്റെ മൊഴി സംഭവദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇൻഡക്ഷൻ കുക്കർ ദേഹത്ത് വീണു പരിക്കേറ്റെന്നാണ് കുട്ടി പറയുന്നത്. പിതാവ് മദ്ദിച്ചതിനെക്കുറിച്ചുള്ള വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയിട്ടില്ല. ബാഹ്യസമ്മർദ്ദത്തെ തുടർന്നാണ് കാര്യങ്ങൾ തുറന്നുപറയാത്തതെന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും സംശയിക്കുന്നത്. ഇന്ന് ചേരുന്ന സിറ്റിംഗിൽ കമ്മിറ്റി തുടർനടപടികൾ പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |