കൊച്ചി: കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ എ.ഐ ദൃശ്യം ഉപയോഗിച്ച് കുമ്പളത്തെ വനിതാ ഡോക്ടറിൽ നിന്ന് 65.23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. തട്ടിയെടുത്ത തുകയിൽ അഞ്ചുലക്ഷം രൂപ എത്തിയത് കഴിഞ്ഞദിവസം അറസ്റ്റിലായ കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ അർഷാദിന്റെയും അബ്ദുൽ റഹീമിന്റെയും ഐ.ടി കമ്പനി അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി.
ഇരുവരും ചേർന്ന് ‘ഡിജിറ്റ് കോം സൊല്യൂഷൻസ്’ എന്ന പേരിൽ വ്യാജ ഐ.ടി കമ്പനി രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പ് സംഘങ്ങൾ പണം കൈമാറാൻ ഇരകൾക്ക് നൽകുന്ന അക്കൗണ്ടുകളിൽ ഒന്ന് ഈ കമ്പനിയുടേതാണ്. ഒരുലക്ഷം രൂപയുടെ ഇടപാട് നടക്കുമ്പോൾ പ്രതികൾക്ക് 10,000 രൂപ കമ്മിഷൻ ലഭിക്കും.
മിസോറം, കർണാടക സംസ്ഥാനങ്ങളിൽ നിന്നും സമാനരീതിയിൽ ഈ കമ്പനിയുടെ അക്കൗണ്ടിലേക്ക് പണമെത്തിയിട്ടുണ്ട്. അർഷാദിനും അബ്ദുൽ റഹീമിനുമെതിരെ ഈ സംസ്ഥാനങ്ങളിലും പത്തനംതിട്ടജില്ലയിലും സൈബർതട്ടിപ്പ് കേസുകൾ നിലവിലുണ്ട്.
ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കണ്ണൂരിൽ നിന്ന് ശനിയാഴ്ചയാണ് പനങ്ങാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജനുവരിയിൽ നടന്ന തട്ടിപ്പുകേസിൽ എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ പനങ്ങാട് എസ്.എച്ച്.ഒ വി.വിമൽ, എസ്.ഐമാരായ മുഹമ്മദ് മുബാറക്, ഓസ്റ്റിൻ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, എം.ശ്രീജിത്ത്, ക്രിസ്റ്റഫർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |