SignIn
Kerala Kaumudi Online
Friday, 17 July 2026 8.25 AM IST

തൃപ്പൂണിത്തുറ സ്കൈവാക്ക്: കടലാസിൽ ഒതുങ്ങിയ പദ്ധതി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ മെട്രോ സർവീസ് ആരംഭിച്ചപ്പോൾ നഗരത്തിന്റെ ഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്ന സുപ്രധാന പദ്ധതിയായാണ് റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന എലിവേറ്റഡ് സ്കൈവാക്ക് പ്രഖ്യാപിക്കപ്പെട്ടത്. റെയിൽവേയും മെട്രോയും തമ്മിൽ സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം തൃപ്പൂണിത്തുറയെ സമഗ്ര ഗതാഗത ഹബ്ബാക്കി മാറ്റുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ പ്രഖ്യാപനത്തിന് ഒരു വർഷത്തിലേറെയായിട്ടും പദ്ധതി ഇപ്പോഴും കടലാസിൽ മാത്രം ഒതുങ്ങുകയാണ്.

നിലവിൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ മെട്രോ സ്റ്റേഷനിലെത്താൻ തിരക്കേറിയ പ്രധാന റോഡ് മുറിച്ചുകടന്ന് ദീർഘദൂരം നടക്കേണ്ട സാഹചര്യമാണുള്ളത്. മഴക്കാലത്തും രാത്രിയിലും വയോജനങ്ങൾക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വിദ്യാർത്ഥികൾക്കും ഇത് ഏറെ ബുദ്ധിമുട്ടും സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.

ഇതിന് ശാശ്വത പരിഹാരമായാണ് സ്കൈവാക്ക് പദ്ധതി വിഭാവനം ചെയ്തത്.

റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരിട്ട് മെട്രോ സ്റ്റേഷനിലേക്ക് കാൽനടയായി എത്താൻ കഴിയുന്ന എലിവേറ്റഡ് നടപ്പാതയാണ് പദ്ധതിയുടെ പ്രധാന ഘടകം. ലിഫ്റ്റും എസ്കലേറ്ററും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയിൽ നിർദ്ദേശമുണ്ട്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സ്കൈവാക്ക് പദ്ധതിക്കായി ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് തയ്യാറാക്കി ദക്ഷിണ റെയിൽവേയ്ക്ക് സമർപ്പിച്ചിരുന്നു. റെയിൽവേ ഭൂമിയിൽ നിർമ്മാണത്തിന് തത്വത്തിൽ അനുമതിയും ലഭിച്ചു. തുടർന്ന് പദ്ധതി ദക്ഷിണ റെയിൽവേയുടെ അംബ്രല്ല വർക്സ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. ചെലവ് കണക്കാക്കി എസ്റ്റിമേറ്റും തയ്യാറാക്കി.

എന്നാൽ ഇത്രയും നടപടികൾ പൂർത്തിയായിട്ടും പദ്ധതിക്ക് ആവശ്യമായ പ്രത്യേക ബഡ്ജറ്റിൽ അനുവദിച്ചില്ല. പദ്ധതിയുടെ ചെലവ് ഏത് ഏജൻസി എത്രമാത്രം വഹിക്കുമെന്നതിൽ അന്തിമ തീരുമാനമാകാത്തതും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും നിർമ്മാണം വൈകാൻ കാരണങ്ങളായി.

ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം ദക്ഷിണ റെയിൽവേയും കെ.എം.ആർ.എല്ലും സ്കൈവാക്കിന്റെ അലൈൻമെന്റും സാങ്കേതിക കാര്യങ്ങളും സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്. പദ്ധതി ഇപ്പോഴും സജീവ പരിഗണനയിലാണെന്നാണ് വിശദീകരണം. എന്നാൽ ടെൻഡർ നടപടികളോ നിർമ്മാണ പ്രവർത്തനങ്ങളോ ഇതുവരെ ആരംഭിച്ചിട്ടില്ല.

സ്കൈവാക്ക്: പ്രധാന ഗുണങ്ങൾ

റെയിൽവേ സ്റ്റേഷനിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് നേരിട്ടുള്ള സുരക്ഷിത കണക്ടിവിറ്റി.

മഴയിലും രാത്രിയിലും യാത്ര കൂടുതൽ സുരക്ഷിതമാകും.

വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടും.

റെയിൽവേ - മെട്രോ യാത്രകൾക്ക് സമയലാഭം.

സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയുന്നതോടെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL