SignIn
Kerala Kaumudi Online
Saturday, 04 July 2026 2.06 PM IST

ഒൻപത് പതിറ്റാണ്ടിന്റെ പാരമ്പര്യം വഴി മാറി, കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് സ്‌കൂളിൽ ആൺകുട്ടികളും

school

കോതമംഗലം: കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് സ്‌കൂളിൽ ഒൻപത് പതിറ്റാണ്ടിന് ശേഷം ആൺകുട്ടികൾ വീണ്ടുമെത്തി. ഈ അദ്ധ്യയന വർഷം മുതൽ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികൾക്കും പ്രവേശനം നൽകിയിരിക്കുകയാണ്. 1928 ൽ മിക്‌സഡ് സ്‌കൂളായാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും പിന്നീട് ആൺകുട്ടികളെ ഒഴിവാക്കുകയായിരുന്നു. ആൺകുട്ടികൾക്ക് മാത്രമായി സെന്റ് ജോർജ് സ്‌കൂൾ ആരംഭിച്ചതോടെയാണ് സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് സ്‌കൂളായി പരിവർത്തനം ചെയ്തത്.

ഈ അദ്ധ്യയന വർഷം മുതൽ വീണ്ടും ആൺകുട്ടികൾക്ക് പ്രവേശനം നൽകാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകിയത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഷിബു തെക്കുംപുറം എം.എൽ.എ ആണ് നടത്തിയത്. മുനിസിപ്പൽ ചെയർപേഴ്‌സൺ ഭാനുമതി രാജു, മാനേജർ സിസ്റ്റർ മെറീന, ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

യു.പിയിലെത്തിയത് 42 ആൺകുട്ടികൾ

യു.പി.വിഭാഗത്തിലും ഹൈസ്‌കൂൾ വിഭാഗത്തിലുമാണ് ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നത്. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികൾക്ക് മാത്രമായി നിലനിറുത്തിയിട്ടുണ്ട്. യു.പി.വിഭാഗത്തിൽ 42 ആൺകുട്ടികളാണ് ഈ വർഷം ചേർന്നത്. ഹൈസ്‌കൂളിലേക്ക് ആരുമെത്തിയില്ല. കോതമംഗലം ഉപജില്ലയിലെ തലയെടുപ്പുള്ള സ്‌കൂളുകളിലൊന്നാണ് സെന്റ് അഗസ്റ്റ്യൻസ്. വിദ്യാർത്ഥികളുടെ എണ്ണത്തിലും മുൻപന്തിയിലാണ്.1800 പെൺകുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീഷകളിൽ എക്കാലവും മികച്ച വിജയമാണ് സ്‌കൂളിനുള്ളത്. കലോത്സവങ്ങളിലും പ്രവർത്തിപരിചയമേളകളിലും ശാസ്ത്രമേളകളിലും തിളക്കമാർന്ന പ്രകടനവും സ്‌കൂളിന്റെ പ്രത്യേകതയാണ്.

കോതമംഗലം ഉപജില്ലയിൽ പെൺകുട്ടികൾക്ക് മാത്രമായി ഇനി അവശേഷിക്കുന്നത് ഒരു സ്‌കൂൾ മാത്രം. കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്‌കൂൾ ആണിത്. തൊട്ടടുത്ത് ഇതേ മാനേജ്‌മെന്റിന്റെ കീഴിൽ ആൺകുട്ടികൾക്കായുളള മറ്റൊരു സ്‌കൂൾ പ്രവർത്തിക്കുന്നുമുണ്ട്.

മിക്‌സഡ് സ്‌കൂളുകളാക്കുന്നത് സംബന്ധിച്ചുള്ള സർക്കാരിന്റെ നിർദേശം നേരത്തെ ഉണ്ടായിരുന്നു.ഇത് കണക്കിലെടുത്താണ് ആൺകുട്ടികളേയും പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.

സിസ്റ്റർ റിനി മരിയ,

ഹെഡ്മിസ്ട്രസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL