
കോലഞ്ചേരി: കനത്ത മഴയെത്തുടർന്ന് പൂത്തൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡിൽ കോട്ടൂർ പള്ളി, പൂത്തൃക്ക റോഡിന്റെ ഭാഗമായ ഏകദേശം 60 വർഷം പഴക്കമുള്ള റോഡിന്റെ ഒരു വശം ഇന്നലെ ഉച്ചയോടെ ഇടിഞ്ഞുവീണു. 1960കളിൽ യന്ത്രസഹായമില്ലാതെ റോഡിന് താങ്ങായി നിർമ്മിച്ചിരുന്ന ഏകദേശം 20 അടി ഉയരമുള്ള കൂറ്റൻ മൺത്തിട്ടയാണ് തകർന്നത്.
വൻ ദുരന്തത്തിന് സാദ്ധ്യതയുണ്ടായിരുന്നെങ്കിലും ആളപായമോ മറ്റ് അപകടങ്ങളോ സംഭവിക്കാതിരുന്നത് തലനാരിഴയ്ക്കാണ്. കനത്ത മഴയിൽ മണ്ണ് പൂർണ്ണമായി നനഞ്ഞ് ബലക്ഷയം സംഭവിച്ചതോടെയാണ് ഭിത്തിയുടെ വലിയ ഭാഗം ഇടിഞ്ഞുവീണത്. നിലവിൽ കൂടുതൽ ഭാഗങ്ങൾ ഏത് സമയത്തും ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശത്ത് ആശങ്ക ശക്തമാണ്. റോഡിന്റെ ഇരുവശങ്ങളിലും സമാനമായ ഭീഷണി നിലനിൽക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സംഭവവിവരമറിഞ്ഞെത്തിയ പൂത്തൃക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വില്ലേജ് ഓഫീസർ, കോലഞ്ചേരി ഇലക്ട്രിസിറ്റി വിഭാഗം അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാനും റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
11 കോടി ചെലവഴിച്ച് നവീകരിച്ച റോഡ് ഭീഷണിയിൽ
ഒരു വർഷം മുമ്പ് കേന്ദ്രസർക്കാരിന്റെ 11 കോടി രൂപ ചിലവിൽ നവീകരിക്കുകയും ടാറിംഗ് പൂർത്തിയാക്കുകയും ചെയ്ത റോഡാണിത്. നവീകരണ പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും അതിനുള്ള ഫണ്ട് അനുവദിച്ചിരുന്നില്ല. റോഡ് ടാറിംഗ് മാത്രം പൂർത്തിയാക്കിയ സാഹചര്യത്തിൽ സംരക്ഷണഭിത്തിയുടെ അഭാവം വലിയ സുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണ്. നിലവിലെ മണ്ണിടിച്ചിൽ റോഡിന്റെ സുരക്ഷയെ ഗുരുതരമായി ബാധിച്ചതിനാൽ, അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിച്ച് റോഡിന്റെ സ്ഥിരത ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ റോഡിന്റെ മറ്റ് ഭാഗങ്ങളും ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |