SignIn
Kerala Kaumudi Online
Sunday, 05 July 2026 6.19 AM IST

സമരം ചെയ്താലും കാര്യമില്ല; വഴിമുട്ടി സ്വകാര്യ ബസുകൾ

photo

വൈപ്പിൻ: ജില്ലയിൽ എട്ടാം തീയതി മുതൽ സ്വകാര്യ ബസ് ഉടമകൾ സർവീസ് നിറുത്തിവച്ച് സമരം തുടങ്ങുമെന്ന പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് വൈപ്പിൻ കരയിലെ ബസുടമകൾ വ്യക്തമാക്കി. വനിതകൾക്ക് കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര അനുവദിച്ചശേഷം വൈപ്പിൻകരയിലെ ബസുകൾക്ക് ദിനംപ്രതി 1,500 മുതൽ 2,000 രൂപ വരെ വരുമാനത്തിൽ കുറവ് വന്നിട്ടുണ്ട്. എങ്കിലും മറ്റ് ചില റൂട്ടുകളിലെ ബസ് ഉടമകൾ ജീ ഫോം നൽകി സർവീസ് നിറുത്തിവച്ചതിനോട് വൈപ്പിൻ മേഖലയിലുള്ളവർക്ക് യോജിപ്പില്ല. എട്ടാം തീയതി മുതൽ സമരം തുടങ്ങുന്നതിനോടും യോജിപ്പില്ല.

ജി ഫോം നൽകി സർവീസ് നിറുത്തിവെച്ചാൽ അടക്കേണ്ട നികുതിയിൽ പതിനായിരം രൂപയാണ് പ്രതിമാസം ലാഭിക്കാൻ കഴിയുന്നത്. 20000 രൂപയാണ് പ്രതിമാസ നികുതി. അതിൽ പകുതി സർക്കാർ ഇപ്പോൾ തന്നെ കുറവ് വരുത്തിയിട്ടുണ്ട് . മാസം പതിനായിരം രൂപയുടെ നികുതി ഒഴിവാക്കാൻ ഫോം ജി നൽകി ബസുകൾ ഓടാതെ കിടന്നു നശിച്ചാൽ വലിയ നഷ്ടം വരുമെന്നാണ് ബസുടമകളുടെ ആശങ്ക.

സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സ്വകാര്യ ബസ് സർവീസ് വൈപ്പിൻകരയിൽ ഭേദപ്പെട്ട നിലയിലാണ്. സംസ്ഥാനത്ത് ആകെ 34,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്നിടത്ത് 7,000 ആയി ചുരുങ്ങിയപ്പോൾ 108 ബസുകൾ ഓടുന്ന പറവൂർ - മുനമ്പം - വൈപ്പിൻ മേഖലയിൽ ഒരു ബസ് മാത്രമാണ് സർവീസ് നിറുത്തിയത്. വലിയ ജനസാന്ദ്രതയും തൊഴിലുമായി ബന്ധപ്പെട്ട് ഏറെ പേരും നഗരത്തിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നതും കൊണ്ടാണ് സ്വകാര്യ ബസ് സർവീസ് പിടിച്ചുനിന്നിരുന്നത്.

കെ.എസ്.ആർ.ടി.സിയിലെ വനിതാ സൗജന്യ യാത്ര വൈപ്പിൻ മേഖലയെയും പിടിച്ചു കുലുക്കിയിട്ടുണ്ടെന്ന് മേഖലയിൽ എഴുപതോളം ബസുകളുള്ള പറവൂർ ബസ് ഓണേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരിൽ ഏറെയും ടൂവീലർ യാത്രക്കാരാണ്. ബസ് യാത്രയിൽ 60ശതമാനത്തോളം സ്ത്രീകളാണ്. അവരാണിപ്പോൾ സൗജന്യ യാത്രയുടെ പേരിൽ സ്വകാര്യ ബസുകളെ ഒഴിവാക്കി കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത്.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ബസുടമകൾ കടന്നുപോകുന്നത്. നഷ്ടം സഹിച്ച് അധികകാലം മുന്നോട്ടു പോകാനാവില്ല. ഒരു സമരവും നടത്താതെ തന്നെ സ്വകാര്യ ബസ് സർവീസ് സ്വയം ഇല്ലാതായേക്കും
പി.കെ. ലെനിൻ,​
പ്രസിഡന്റ്,

പി.ബി.ഒ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL