SignIn
Kerala Kaumudi Online
Monday, 27 July 2026 10.37 AM IST

യൂണിഫോം ഫണ്ട് തട്ടിപ്പ്: നഷ്ടമായത് എട്ടു ലക്ഷം !

കൊച്ചി: എളമക്കര ഗവ. ഹൈസ്കൂളിലെ യൂണിഫോം ഫണ്ട് തട്ടിപ്പിനെക്കുറിച്ച് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ എട്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതിന്റെ പൂർണ ഉത്തരവാദി ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പലാണെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

സ്കൂളിലെ ഒന്നു മുതൽ എട്ടാം ക്ളാസ് ഉൾപ്പടെയുള്ള 576 പാവപ്പെട്ട വിദ്യാർത്ഥികൾക്ക് 2025-26 വർഷത്തിൽ നൽകിയ 3,16,200 രൂപ ഉൾപ്പടെയാണ് ഹയർ സെക്കൻഡറി സ്കൂളിലെ താത്കാലിക ക്ളാർക്ക് പ്രിൻസിപ്പലിന്റെ ചെക്കിൽ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത്. മറ്റ് ഇനങ്ങളിലുള്ള ഫണ്ടാണ് ബാക്കി.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് രണ്ട് സെറ്റ് യൂണിഫോം വാങ്ങാനായി 600 രൂപ വീതമുള്ള

കേന്ദ്ര സർക്കാർ ഫണ്ട് എസ്.എസ്.എ മുഖാന്തരമാണ് നൽകുന്നത്. ഇത് പ്രിൻസിപ്പലിന്റെ അക്കൗണ്ടിലേക്ക് ആഗസ്റ്റിൽ വന്നതാണ്. ജില്ലയിലെ മറ്റെല്ലാ സ്കൂളിലെയും ഹെഡ്മാസ്റ്റർമാർ തുക ഹൈസ്കൂൾ അക്കൗണ്ടിലേക്ക് മാറ്റി അതേമാസം തന്നെ കുട്ടികളുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു. എന്നാൽ എളമക്കര സ്കൂളിൽ ജനുവരി വരെ ഒരു നടപടിയുമുണ്ടായില്ല. തുക എത്തിയ വിവരം കുട്ടികളെ അറിയിച്ചതുമില്ല. ഹെഡ്മിസ്ട്രസ് ചോദിച്ചുവാങ്ങിയുമില്ല.

രക്ഷിതാവ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയപ്പോഴാണ് യൂണി​ഫോം ഫണ്ട് നഷ്ടമായെന്ന് വെളി​ച്ചത്തുവന്നത്. ഡി​.ഡി​ ഓഫീസി​ലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡി.ഉല്ലാസ് പരാതി​ അന്വേഷിച്ച് സമർപ്പി​ച്ച റി​പ്പോർട്ടിൽ​ എട്ട് ലക്ഷത്തിലേറെ നഷ്ടപ്പെട്ടെന്ന് കണ്ടെത്തി​യതായാണ് വി​വരം. പ്രിൻസിപ്പലിനാണ് ഉത്തരവാദിത്വമെന്നും പറയുന്നുണ്ട്.

പണം നഷ്ടപ്പെട്ടതി​ൽ ഹെഡ്മിസ്ട്രസ് ഡി.ഇ.ഒയ്ക്ക് ജനുവരിയിൽ നൽകിയ റിപ്പോർട്ടിലും അന്വേഷണം നടന്നിരുന്നു. ഇതിൽ ഫണ്ട് യഥാസമയം വിനിയോഗിക്കുന്നതിൽ ഹെഡ്മിസ്ട്രസിനും വീഴ്ച സംഭവിച്ചതായി സൂചിപ്പിച്ചിട്ടുണ്ടത്രെ. ഹെഡ്മിസ്ട്രസ് ഇപ്പോൾ തൃപ്പൂണിത്തുറ എ.ഇ.ഒയാണ്. അന്വേഷണം നടത്തിയ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ കാസർകോട്ടേയ്ക്കും സ്ഥലംമാറ്റി.

പണാപഹരണത്തിലും ദുരൂഹത

താത്കാലി​ക ക്ളാർക്ക് ഷെറീന,​ പ്രിൻസിപ്പലിന്റെ ഏഴു ചെക്കുകൾ കള്ളഒപ്പിട്ട് തുക തട്ടിയെന്നാണ് കേസ്. എന്നാൽ ഏഴ് ചെക്കുകളും ബാങ്ക് ഒരു സംശയവുമില്ലാതെ ക്ളിയർ ചെയ്തതിലും തുക ആറ് മാസം വിനിയോഗിക്കാത്തതിലും ദുരൂഹതയുണ്ട്. ഹയർ സെക്കൻഡറിയിൽ താത്കാലിക ക്ളാർക്കിനെ വയ്ക്കാൻ ചട്ടമില്ല. സ്കൂളിലെ പി.ടി.എ ആണ് പി.ടി.എ അംഗം കൂടിയായ ഷെറീനയെ നിയമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL