
കൊച്ചി: സംസ്ഥാനത്തെ പൗൾട്രി മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മാത്രം കോഴിത്തീറ്റ വിലയിൽ 500 രൂപയുടെ വർദ്ധനവ്. ഒരു മാസം മുൻപ് വരെ 2,000 രൂപയുണ്ടായിരുന്ന 50 കിലോയുടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2,500 രൂപയായി. പ്രീ-സ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ തുടങ്ങി എല്ലാ വിഭാഗം കോഴിത്തീറ്റകൾക്കും സമാനമായ നിരക്ക് വർദ്ധനവാണ്.
സ്ഥിതി തുടർന്നാൽ ഓണക്കാലത്ത് കോഴിയിറച്ചി വില കിലോയ്ക്ക് 400 രൂപ വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കർഷകർ പറയുന്നു.
ഉത്പാദനച്ചെലവ് താങ്ങാനാവാതെ ചെറുകിട, ഇടത്തരം കർഷകർ കോഴി വളർത്തൽ പൂർണമായും നിറുത്തിവയ്ക്കുന്ന സാഹചര്യമാണുള്ളത്. പലരും പുതിയ ബാച്ച് കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയിട്ടുമില്ല. അസംസ്‌കൃത വസ്തുക്കളായ ചോളം, സോയ എന്നിവയുടെ ലഭ്യതക്കുറവും പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധം മൂലം അമിനോ ആസിഡുകൾ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിയിലുണ്ടായ തടസങ്ങളും വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു.
അനിയന്ത്രിതമായ ഉത്പാദനച്ചെലവ്
1,000 കോഴികളെ വളർത്തുമ്പോൾ മുൻപത്തേക്കാൾ 50,000 രൂപയോളം അധികച്ചെലവാണ് ഇപ്പോൾ വരുന്നത്. കോഴിക്കുഞ്ഞുങ്ങളുടെ വിലയും 16 രൂപയിൽ നിന്ന് ഉയർന്ന് 36 രൂപയിലെത്തി. ഇനിയും വില കൂടിയേക്കും. കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവും പ്രതികൂലമായി ബാധിക്കുന്നു.
സർക്കാർ ഇടപെടൽ വേണം
സംസ്ഥാനത്തെ പൗൾട്രി മേഖലയുടെ ഭക്ഷ്യസുരക്ഷയും കർഷകരുടെ നിലനിൽപ്പും ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. കർണാടകയിൽ 30%, തെലങ്കാനയിൽ 35%, തമിഴ്നാട്ടിൽ 25% എന്നിങ്ങനെ ഗവൺമെന്റ് പങ്കാളിത്തത്തോടെയുള്ള 'പോൾട്രി സെന്ററുകൾ" പ്രവർത്തിക്കുമ്പോൾ കേരളത്തിൽ ഈ പങ്കാളിത്തം വെറും 3% മാത്രമാണ്. ഈ മേഖലയിൽ സർക്കാർ ഇടപെടലുകൾ ശക്തിപ്പെടുത്തുകയും, തീറ്റവില നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ വിലക്കയറ്റം തടയാൻ സാധിക്കൂ.
കർഷകർ പിന്മാറുമ്പോൾ വിപണി പൂർണമായും വൻകിട ഇന്റഗ്രേറ്റഡ് കമ്പനികളുടെ നിയന്ത്രണത്തിലാകും. പുറത്തുനിന്നുള്ള വൻകിട കമ്പനികൾക്ക് വിപണിയിലെ ഡിമാൻഡ് അനുസരിച്ച് വില നിശ്ചയിക്കാനുള്ള സംവിധാനമുണ്ട്. കർഷകർക്ക് അർഹമായ ലാഭവിഹിതം പോലും ലഭിക്കാത്ത അവസ്ഥയിൽ, ഉപഭോക്താക്കൾ വലിയ വില നൽകി കോഴിയിറച്ചി വാങ്ങേണ്ടിവരും. വിഷയത്തിൽ ധനകാര്യ മന്ത്രിക്കടക്കം നിവേദനം നൽകിയിട്ടുണ്ട്.
എസ്.കെ. നസീർ,
സംസ്ഥാന ജനറൽ സെക്രട്ടറി,
ഓൾ കേരള പൗൾട്രി ഫെഡറേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |