തൃപ്പൂണിത്തുറ: പാത്തുമ്മയും ആടും മജീദും സുഹ്റയും നാരായണിയും ഉൾപ്പെടെ വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര കഥാപാത്രങ്ങൾ ഒരൊറ്റ വേദിയിൽ അവതരിപ്പിക്കപ്പെടുന്നു. അതും ഒരു പ്ലസ് വൺ വിദ്യാർത്ഥിനിയുടെ അഭിനയമികവിലൂടെ. ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് 'ആട് ജീവിതം" എന്ന ഏകപാത്ര നാടകം അരങ്ങേറുന്നത്.
പ്ലസ് വൺ വിദ്യാർത്ഥിനിയായ ഐ.ജെ. ഇഷയാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ബഷീറിന്റെ എട്ട് കൃതികളിലെ 15 കഥാപാത്രങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നത്. 'പാത്തുമ്മയുടെ ആട്" എന്ന കൃതിയെ പ്രമേയമാക്കി ഒരുക്കിയ നാടകത്തിൽ 'ബാല്യകാലസഖി", 'മതിലുകൾ", 'ന്റുപ്പുപ്പായ്ക്കൊരാനേണ്ടാർന്നു", 'ശബ്ദങ്ങൾ", 'ജന്മദിനം", 'ഒരു മനുഷ്യൻ" തുടങ്ങിയ കൃതികളിലെ കഥാപാത്രങ്ങളും സംഭവങ്ങളും കോർത്തിണക്കിയിട്ടുണ്ട്.
മലയാള അദ്ധ്യാപകനും നാടകപ്രവർത്തകനുമായ സി.എസ്. വിഷ്ണുരാജ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിൽ 130ഓളം പ്രോപ്പർട്ടികളാണ് ഉപയോഗിച്ചിരിക്കുന്നത്. വേദിക്ക് പിന്നിൽ പത്ത് വിദ്യാർത്ഥിനികളുടെ സംഘവും പ്രവർത്തിക്കുന്നു. ബഷീറിന്റെ സാഹിത്യത്തിലെ മാനവികതയും നർമ്മവും ജീവിതദർശനവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചാണ് നാടകാവതരണം.
പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഓപ്പൺ വേദിയിലാണ് അവതരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |