SignIn
Kerala Kaumudi Online
Monday, 27 July 2026 7.41 AM IST

വൈപ്പിനിലെ കുരുക്കഴിയാൻ വേണം പൂക്കാട്, കടക്കര പാലങ്ങൾ 

photo
നിർമ്മാണം പുരോഗമിക്കുന്ന മുനമ്പം അഴീക്കോട് പാലം

വൈപ്പിൻ: എറണാകുളം, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം - അഴീക്കോട് പാലം നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കുന്നതോടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് അഴിയാൻ പൂക്കാട്,​ കടക്കര എന്നിവിടങ്ങളിലും പാലങ്ങൾ വരണമെന്ന ആവശ്യം ശക്തമാകുന്നു.

ഇപ്പോൾ വടക്കൻ ജില്ലകളിൽ നിന്ന് കൊടുങ്ങല്ലൂർ, പറവൂർ വഴി കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ പാലം തുറക്കുന്നതോടെ മുനമ്പം അഴീക്കോട് പാലം വഴി വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയിലൂടെയാകും യാത്ര. നൂറിൽപരം സ്വകാര്യ ബസ്സുകൾ, കെ.എസ്.ആർ.ടി.സി ബസുകൾ, കണ്ടെയ്‌നറുകൾ, ടോറസുകൾ, മുനമ്പം കാളമുക്ക് ഫിഷിംഗ് ഹാർബറുകൾ കേന്ദ്രീകരിച്ചുള്ള മത്സ്യ ചരക്ക് വാഹനങ്ങൾ, കൊച്ചി നഗരത്തിലേക്ക് ജോലിക്ക് പോകുന്നവരുടെ ടൂവീലറുകൾ എന്നിവ മൂലം ഇപ്പോൾതന്നെ ഈ പാത വീർപ്പുമുട്ടുകയാണ്.

പാതയുടെ വീതി കുറവും പാർക്കിംഗിനുള്ള ഇടമില്ലായ്മയും പ്രശ്‌നമാണ്. പാലം വഴിയുള്ള വാഹനങ്ങളുടെ ഒഴുക്ക് ഗോശ്രീ പാലങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കും. ഭാവിയിൽ വരാൻ പോകുന്ന വാഹനക്കുരുക്കിന് ഗോശ്രീ ഒന്നും മൂന്നും പാലങ്ങൾക്ക് സമാന്തര പാലങ്ങളുടെ നിർദ്ദേശം ഉണ്ടെങ്കിലും ചെറായി മുതൽ എളങ്കുന്നപ്പുഴ വരെ ഉണ്ടാകാവുന്ന വാഹന കുരുക്കിന് പരിഹാരമാവുകയില്ല.

വികസനത്തിന് വഴിയൊരുക്കും
ബസുകളും ടൂവീലറുകളും ഒഴികെയുള്ള വാഹനങ്ങൾ ഗോശ്രീ ജംഗ്ഷനിലേക്ക് വരുന്നത് പരിമിതപ്പെടുത്തിയാൽ ഗതാഗതക്കുരുക്ക് വികേന്ദ്രീകരിക്കാനും എളങ്കുന്നപ്പുഴ കിഴക്ക് പൂക്കാട് നിന്ന് കണ്ടെയ്‌നർ റോഡിലേക്ക് വാഹനങ്ങൾ തിരിച്ചുവിടുന്നതിന് പൂക്കാട് പാലം നിർമ്മാണവും ഏറെനാളായി പറഞ്ഞു കേൾക്കുന്ന എടവനക്കാട് കടക്കര പാലം നിർമ്മാണവും ആണ് പരിഹാരം.

വൈപ്പിൻ പള്ളിപ്പുറം സംസ്ഥാനപാതയിൽ എടവനക്കാട് വരെയുള്ള തെക്കോട്ടുള്ള വാഹനത്തിരക്ക് ഒഴിവാക്കാനാവും.

ഗോശ്രീ പാലങ്ങളിലെ കുരുക്കിനും പരിഹാരമാകും.

ഏഴിക്കര, എളങ്കുന്നപ്പുഴ, കടമക്കുടി പ്രദേശങ്ങളുടെ വികസനത്തിനും ഈ പുതിയ പാലങ്ങൾ വഴിയൊരുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL