മട്ടാഞ്ചേരി: നഗരസഭാ പരിധിയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നതിൽ വിവിധ സംഘടനകൾ പ്രതിഷേധിച്ചു. കൊച്ചി കോർപ്പറേഷൻ ഭരണസമിതിക്കെതിരെ ആം ആദ്മി പാർട്ടിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. വന്ധ്യംകരണ പദ്ധതികൾ കാര്യക്ഷമമാക്കാത്ത ഭരണസമിതി പൂർണപരാജയമാണെന്നും വിദ്യാർത്ഥികൾ ഉൾപ്പെടെ ജനങ്ങൾ വീടിന് പുറത്തിറങ്ങാനാകാതെ കടുത്ത ഭീതിയിലാണെന്നും പാർട്ടി കുറ്റപ്പെടുത്തി. മറ്റ് സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.
നഗരസഭയുടെ എ.ബി.സി പദ്ധതി നിലവിൽ പാതിവഴിയിലാണ്. ആവശ്യത്തിന് ഡോക്ടർമാരോ പരിശീലനം സിദ്ധിച്ച ഡോഗ് ക്യാച്ചർമാരോ ഇല്ലാത്തതാണ് പദ്ധതി പ്രതിസന്ധിയിലാകാൻ കാരണം. കഴിഞ്ഞ മാർച്ച് 1ന് ബ്രഹ്മപുരത്ത് ആയിരത്തോളം നായകളെ പുനരധിവസിപ്പിക്കാൻ ഡോഗ് ഷെൽട്ടർ നിർമ്മാണം ഭരണസമിതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഡിസൈൻ മത്സര പ്രഖ്യാപനത്തിനപ്പുറം നിർമ്മാണത്തിൽ പുരോഗതിയില്ല.
പശ്ചിമകൊച്ചി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നായകളെ പിടികൂടാൻ നടപടിയില്ലാത്തതിനാൽ മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എന്നിവർക്ക് വീണ്ടും നിവേദനം നൽകിയതായി ആം ആദ്മി പാർട്ടി അറിയിച്ചു.
* ആവശ്യങ്ങൾ
* എ.ബി.സി പദ്ധതി ഊർജ്ജിതമാക്കാൻ കൂടുതൽ താത്കാലിക ഡോക്ടർമാരെയും ഡോഗ് ക്യാച്ചർമാരെയും നിയോഗിക്കുക
* ബ്രഹ്മപുരം ഡോഗ് ഷെൽട്ടർ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക, സ്കൂൾ പരിസരങ്ങളിലും മെട്രോ സ്റ്റേഷനുകളിലും നൈറ്റ് സ്ക്വാഡ് പരിശോധന ഉറപ്പാക്കുക
തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരമില്ലെങ്കിൽ നഗരസഭാ ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. കൗൺസിലർമാർ നഗരത്തിലെ ദുരവസ്ഥ സമ്മതിക്കുമ്പോഴും അധികൃതർ പരിഹാര നടപടികൾ വൈകിപ്പിക്കുകയാണ്.
ഷക്കീർ അലി, സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |