SignIn
Kerala Kaumudi Online
Friday, 11 September 2026 10.39 PM IST

ട്രെയിനുകളിലെ കവർച്ച: സ്വർണവും പണവുമായി മൂവർ സംഘം അറസ്റ്റിൽ

thefy
മുർഷിദ് ഇസ്ലാം, റസാഖ് അലി ,സെയ്ദുൾ ഹഖ്

കൊച്ചി: എറണാകുളത്തിനും അങ്കമാലിക്കുമിടെ ട്രെയിനുകളിൽ സ്ത്രീ യാത്രക്കാരെ കൊള്ളയടിച്ച മൂന്നു പ്രതികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. 6 പവൻ സ്വർണാഭരണങ്ങൾ, 17000 രൂപ, മൂന്ന് മൊബൈൽ ഫോണുകൾ, വാച്ചുകൾ എന്നിവ വീണ്ടെടുത്തു. 20000 രൂപയോളം പ്രതികൾ മദ്യത്തിനും മയക്കുമരുന്നിനുമായി ചെലവാക്കി.

തിരുവനന്തപുരം-മംഗളൂരു സെൻട്രൽ എക്സ്‌പ്രസ്, എറണാകുളം -കാരയ്ക്കൽ എക്സ്‌പ്രസ് ട്രെയിനുകളിലെ റിസർവേഷൻ കോച്ചിൽ ഉറങ്ങിക്കിടന്ന യാത്രക്കാരികളുടെ പണവും ആഭരണങ്ങളുമടങ്ങുന്ന ബാഗുകൾ തട്ടിയെടുത്ത അസാം നാഗോൺ സ്വദേശികളായ സെയ്ദുൾ ഹഖ് (22), മുർഷിദ് ഇസ്ലാം (22), ഓഖ-എറണാകുളം എക്സ്‌പ്രസിൽ ജനറൽ കോച്ചിലെ യാത്രക്കാരിയുടെ പണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കവർന്ന അസാം നാഗോൺ സ്വദേശി റസാഖ് അലി (42) എന്നിവരാണ് വീണ്ടും കവർച്ചയ്‌ക്ക് തയ്യാറെടുക്കവെ പിടിയിലായത്.

ഹോട്ടൽ തൊഴിലാളികളായിരുന്ന സെയ്ദുൾ ഹഖും മുർഷിദ് ഇസ്ലാമും പെരുമ്പാവൂരിൽ ഒരുമിച്ചാണ് താമസം. നിർമ്മാണ തൊഴിലാളിയായ റസാഖ് അലിയും പെരുമ്പാവൂരിലാണ് തങ്ങുന്നതെങ്കിലും മറ്റു രണ്ടു പേരുമായി ബന്ധമുണ്ടെന്ന സൂചനയില്ല. ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ ബാഗുകൾ തട്ടിയെടുത്ത് കടക്കുന്നതാണ് പ്രതികളുടെ രീതി.

30ന് പുലർച്ചെ മംഗലാപുരം എക്സ്‌പ്രസ് അങ്കമാലി സ്റ്റേഷനിൽ എത്തിയപ്പോഴാണ് രണ്ട് യാത്രക്കാരികളുടെ 6 പവൻ ആഭരണങ്ങളും ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും ആഡംബര വാച്ചുകളുമടങ്ങിയ ബാഗുകളുമായി സെയ്ദുളും മുർഷിദും കടന്നത്. 28 ന് രാത്രി എറണാകുളത്ത് നിന്ന് നാഗപട്ടണത്തേക്ക് പോയ കാരയ്ക്കൽ എക്സ്‌പ്രസിലെ യാത്രക്കാരിയുടെ 40000 രൂപയും ഫോണും ട്രെയിൻ ആലുവ വിട്ട നേരം തട്ടിയെടുത്തതും ഇവരാണ്. 31ന് പുലർച്ചെ ഓഖ എക്സ്‌പ്രസ് ആലുവയിൽ എത്തിയപ്പോഴാണ് യാത്രക്കാരിയുടെ 3000 രൂപയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും റസാഖ് അലി എമർജൻസി ജനാലയിലൂടെ കൈയിട്ട് കവർ‌ന്നത്.

മയക്കുമരുന്ന് കച്ചവടത്തിന്

പണം കണ്ടെത്താൻ കവർച്ച

കൊച്ചി: കവർച്ചയിൽ നിന്നുള്ള പണം ഉപയോഗിച്ച് അസാമിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവും ഹെറോയിനും കടത്താൻ പ്രതികൾ ലക്ഷ്യമിട്ടെന്ന് റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ് പറഞ്ഞു. കവർന്ന സ്വർണം പലയിടത്തായി ഒളിപ്പിച്ചിരുന്നു. കാണിക്ക വഞ്ചി കവർന്നതിന് ആലങ്ങാട് പൊലീസിന്റെ പിടിയിലായിട്ടുള്ള സെയ്ദുൾ ഹഖ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്.

എറണാകുളം റെയിൽവേ സി.ഐ ബാലൻ, എസ്.എച്ച്.ഒ എ. നിസാറുദ്ദീൻ, സൗത്ത് ആർ.പി.എഫ് സി.ഐ ബിനോയ് ആന്റണി, ആലുവ ആർ.പി.എഫ് സി.ഐ വേണു എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME, RAILWAYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL