
ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവുമായി മ്യാൻമർ സ്വദേശികളായ രണ്ടുപേരെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പിടികൂടി. യു.യു.ഖൈങ്ങ് (32), മിൻ സോ ഹെയ്ൻ (36) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 5.8 കിലോ തൂക്കം വരുന്ന കഞ്ചാവ് എയർ കസ്റ്റംസ് വിഭാഗം കണ്ടെടുത്തു. ഇതിന് 2.03 കോടി രൂപ വിലവരും.
കഴിഞ്ഞ ദിവസം പുലർച്ചെയോടെ സിങ്കപ്പൂരിൽ നിന്നെത്തിയ സകൂട്ട എയർലൈൻ ടി.ആർ 730 എന്ന വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. എമിഗ്രേഷൻ പരിശോധനക്കിടെ ഐ.ബി ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ എയർ കസ്റ്റംസിന് കൈമാറി. തുടർന്ന് ഐ.ബി ഉദ്യോഗസ്ഥർ കൂടുതൽ ചോദ്യം ചെയ്യുകയും കസ്റ്റംസിന് കൈമാറുകയുമായിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ചെക്ക് ഇൻ ബാഗിന് അടിയിൽ രഹസ്യ അറയുണ്ടാക്കി അതിൽ കവറുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. സ്‌കാനിംഗ് മെഷ്യനിൽ പതിയാതിരിക്കാൻ അതിന് മുകളിൽ ഏക്സ്‌റേ ഷീറ്റുകളും നിരത്തിയിരുന്നു.
മുമ്പ് കൊൽക്കത്ത വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മ്യാൻമർ സ്വദേശികളെ ചോദ്യം ചെയ്തത്തിൽ നിന്ന് മ്യാൻമറിൽ നിന്നുള്ള സംഘങ്ങൾ ക്യാരിയർമാരായി വിവിധ വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പരിശോധന കടുപ്പിച്ചത്. കഞ്ചാവ് കടത്തിയത് ആർക്ക് വേണ്ടിയാണെന്ന് കസ്റ്രംസ് അന്വേഷണം അരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |