SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

വന്യജീവി കള്ളക്കടത്തിന് പൂട്ടിടാൻ കൈകോർത്ത് ഏജൻസികൾ

animal

കൊച്ചി: വന്യജീവികളുടെയും പക്ഷികളുടെയും രാജ്യാന്തര കള്ളക്കടത്ത് ചെറുക്കാൻ അന്വേഷണ ഏജൻസികൾ സംയുക്തദൗത്യം ശക്തമാക്കും. ഇന്ത്യയിൽ കണ്ണികളുള്ള വിദേശ വന്യജീവി കടത്തുസംഘങ്ങളെ ഇന്റർപോളിന്റെ സഹായത്തോടെ കണ്ടെത്തും.

സി.ബി.ഐയുടെ മേൽനോട്ടത്തിൽ വൈൽഡ്ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ, ഡയറക്‌ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ), സംസ്ഥാന വകുപ്പുകൾ, പ്രത്യേക ദൗത്യസേനകൾ എന്നിവ ഒരുമിച്ച് പ്രവർത്തിക്കും. വന്യജീവി കടത്ത് കണ്ടെത്താൻ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും. വന്യജീവി കടത്തിന്റെ പ്രധാന ഉറവിടമായ തായ്‌ലൻഡ് അധികൃതരുമായി ഇന്റർപോളിന്റെ എൻവയൺമെന്റൽ സെക്യൂരിറ്റി സബ് ഡയറക്‌ടറേറ്റിന്റെ സഹായത്തോടെ സി.ബിഐ ചർച്ച നടത്തി.

തായ്ലൻഡ്, മലേഷ്യ, ഇൻഡോനേഷ്യ എന്നിവയാണ് വന്യജീവി കടത്തിന്റെ പ്രധാന ഉറവിടങ്ങൾ. സിംഗപ്പൂർ വഴിയാണ് വിമാനമാർഗം ഇന്ത്യയിലേക്ക് കടത്തുന്നത്. തായ്ലൻഡിൽ നിന്ന് മ്യാൻമാർ വഴിയും കടത്തുന്നു.

പല രാജ്യങ്ങളിലായി കണ്ണികളും ഇടനിലക്കാരും പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് വിവിധ ഏജൻസികൾ സഹകരിച്ച് ഇന്റർപോളിന്റെ സഹായത്തോടെ ദൗത്യം നടപ്പാക്കുക. വൈൽഡ്ലൈഫ് പ്രൊട്ടക്ഷൻ ആക്‌ട് 1972 പ്രകാരമാണ് നടപടികൾ.

പക്ഷി മുതൽ

പാമ്പ് വരെ

അരുമ പക്ഷികൾ, നക്ഷത്ര ആമകൾ, പ്രത്യേകയിനം പല്ലികൾ, പാമ്പുകൾ എന്നിവയെയാണ് ഇന്ത്യയിലേക്ക് കടത്തുന്നത്. പുലിത്തോൽ, ഈനാംപീച്ചിയുടെ ചെതുമ്പലുകൾ, പുലിയുടെയും കടുവയുടെയും എല്ലുകളും പല്ലുകളും എന്നിവയാണ് ഇന്ത്യയിൽ നിന്ന് കടത്തുന്നത്. രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഒഡിഷ, സംസ്ഥാനങ്ങളാണ് കടത്തുസംഘങ്ങളുടെ കേന്ദ്രം. കേരളത്തിലും തമിഴ്നാട്ടിലും നക്ഷത്ര ആമകളെയും അരുമപ്പക്ഷികളെയും പിടികൂടിയിട്ടുണ്ട്. വൈൽഡ്ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ കൊച്ചി ഓഫീസും രംഗത്തുണ്ട്.

വന്യജീവികളെ കടത്തുന്നത് വൻ സാമ്പത്തിയിടപാടുകൾ നടക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യമാണ്. സംഘ‌ടിത മാഫിയയെ തടയാൻ സംയുക്തനീക്കം ആവശ്യമാണ്

സി.ബി.ഐ വൃത്തങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ANIMAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL