SignIn
Kerala Kaumudi Online
Sunday, 08 November 2026 3.11 AM IST

ബാങ്ക് അക്കൗണ്ട്, സിം കച്ചവടം: മൂന്നംഗ സംഘം അറസ്റ്റിൽ

vipin-muhammad-ajith

കൊച്ചി: സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കായി സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് 'വിൽക്കുന്ന" മാഫിയാ സംഘത്തിലെ മൂന്നു പേരെ കൊച്ചി സിറ്റി സൈബർ പൊലീസും സൈബർ ഡോമും സംയുക്ത നീക്കത്തിൽ പിടികൂടി. പള്ളുരുത്തി തൈവീട്ടിൽ വിപിൻ വിൻസെന്റ് (32), കുമ്പളങ്ങി വഴക്കൂട്ടത്തിൽ അജിത് വർഗീസ് (27), പാലക്കാട് ആലത്തൂർ റഹീം മൻസിലിൽ മുഹമ്മദ് റോഷൻ (26) എന്നിവരാണ് അറസ്റ്റിലായത്.

സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനിയുടെ നിർദ്ദേശപ്രകാരം നടത്തിയ സൈബർ പട്രോളിംഗിലാണ് അന്തർസംസ്ഥാന ബന്ധങ്ങളുള്ള സാമ്പത്തിക തട്ടിപ്പ് ശൃംഖലയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രൻ, എ.സി.പി എ. അനന്തലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സജ്ജമായി. പ്രതികൾ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള മരിയ ലോഡ്ജിന് മുന്നിൽ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചു.

പിന്നാലെ നർക്കോട്ടിക് സെൽ ഇൻസ്‌പെക്ടർ ഡി.എസ്. ഇന്ദ്രരാജ്, സബ് ഇൻസ്‌പെക്ടർമാരായ കെ.ആർ. രമേഷ് ബാബു, കെ.പി. ബേബി, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘം മിന്നൽവേഗത്തിൽ സ്ഥലത്തെത്തി. പൊലീസിനെ കണ്ട് പ്രതികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലംപ്രയോഗിച്ച് കീഴടക്കി. സാധാരണക്കാർക്ക് വൻ തുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ബാങ്ക് പാസ് ബുക്കുകളും എ.ടി.എം കാർഡുകളും വാങ്ങിയെടുത്താണ് ഇവർ തട്ടിപ്പുകാർക്ക് നൽകിയിരുന്നത്. മാഫിയയിലെ കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

ഓരോ അക്കൗണ്ടിനും 10,000 രൂപ പ്രതിഫലം

പ്രതികളിൽ നിന്ന് അഞ്ച് ബാങ്ക് പാസ് ബുക്കുകൾ, ഒമ്പത് എ.ടി.എം കാർഡുകൾ, ഒരു ചെക്ക് ബുക്ക്, ക്രെഡിറ്റ് കാർഡുകൾ, നാല് സിം കാർഡുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, സ്കൂട്ടർ എന്നിവ പിടിച്ചെടുത്തു. വിപിനും അജിത്തും നേരത്തെ സമാനകേസിൽ അറസ്റ്റിലായിട്ടുണ്ട്. ഒരു ബാങ്ക് അക്കൗണ്ടിന് 10,000 രൂപയാണ് വിപിനും അജിത്തും തട്ടിപ്പുകാരിൽ നിന്ന് ഈടാക്കിയിരുന്നത്. പിടിച്ചെടുത്ത പാസ്ബുക്കുകളുടെയും സിം കാർഡുകളുടെയും ഉടമകളെ വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIME, LATESTNEWS, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY