കൊച്ചി: അമ്പലത്തിൽ മോഷണ ശ്രമത്തിനിടെ പിടി വീണപ്പോൾ കുതറിയോടിയ കള്ളനെ പിന്തുടർന്ന് പിടികൂടി ക്ഷേത്രവളപ്പിൽ കെട്ടിയിട്ടു. എറണാകുളം നഗരത്തിലെ ആരാധനാലയത്തിൽ മോഷണ ശ്രമത്തിനിടെയാണ് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരന്റെ ജാഗ്രതയിൽ അന്യസംസ്ഥാന കള്ളൻ കുടുങ്ങിയത്. എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയ അസാം നാഗോൺ കാലിയബോർ സ്വദേശി മൊയ്‌നുൽ ഹഖ് (27) നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയാണെന്ന് സൂചന.
പുരാതനമായ പെരുമാനൂർ ദേവീ ക്ഷേത്രത്തിൽ (വളഞ്ഞമ്പലം ക്ഷേത്രം) ഇന്നലെ പുലർച്ചെ 2.30ഓടെയായിരുന്നു മോഷണ ശ്രമം. ടി ആകൃതിയിലുള്ള കൈപ്പിടിയോട് കൂടിയ ഇരുമ്പ് കമ്പിപ്പാര ഉപയോഗിച്ചാണ് ഭണ്ഡാരങ്ങളും പൂട്ടുകളും പൊളിക്കുന്നത്. ആയുധം പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ ജില്ലയിൽ നടന്ന ചില മോഷണങ്ങൾക്ക് പിന്നിൽ ഇയാൾക്ക് പങ്കുള്ളതായി സംശയിക്കുന്നു.സെൻട്രൽ എസ്.എച്ച്.ഒ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഓടിരക്ഷപ്പെടാൻ ശ്രമിച്ചു, കെട്ടിയിട്ടു
ചിറ്റൂർ റോഡിൽ നിന്ന് സൗത്ത് മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന വളഞ്ഞമ്പലം ഭാഗം രാത്രി വിജനമാണ്. പ്രധാന ഗോപുര ഭാഗത്തെ മതിൽ ചാടിയാണ് ക്ഷേത്രവളപ്പിൽ കടന്നത്. ഗോപുരത്തോട് ചേർന്ന സ്റ്റീൽ ഭണ്ഡാരം കുത്തിപ്പൊളിക്കാനായിരുന്നു ആദ്യ ശ്രമം. ഇരട്ടപ്പൂട്ടുള്ള ഭണ്ഡാരത്തിന്റെ അകത്തെ പൂട്ട് പൊളിക്കാൻ പറ്റാത്തതിനാൽ ക്ഷേത്ര ശ്രീകോവിലിന്റെ മുൻഭാഗത്ത് എത്തി. ഇവിടെ, കൊടിമരത്തോട് ചേർന്ന ഭണ്ഡാരം കുത്തിപ്പൊളിച്ച് കൊണ്ടിരിക്കെയാണ് ദേവസ്വം സെക്യൂരിറ്റി സോമശേഖരൻ നായരുടെ ശ്രദ്ധയിൽപ്പെട്ടത്. ശബ്ദമുണ്ടാക്കാതെ ക്ഷേത്രവളപ്പിലെ കെട്ടിടത്തിൽ കിടന്ന കൗണ്ടർ ജീവനക്കാരൻ ദീപക്കിനെ വിളിച്ചു.
ഭണ്ഡാരം പൊളിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്ന കള്ളൻ ഇരുവരും പിന്നിലൂടെ എത്തിയതറിഞ്ഞില്ല. കള്ളനെ പിന്നിൽ നിന്ന് പൂണ്ടടക്കം പിടിച്ചത് സോമശേഖരൻ നായരാണ്. അപ്രതീക്ഷിത ‘സ്ട്രൈക്കിൽ’ ഞെട്ടിയ കള്ളൻ സമനില വീണ്ടെടുത്തതോടെ മൽപ്പിടിത്തം. സെക്യൂരിറ്റിയെ തള്ളിയിട്ട് കുതറിയോടി മതിൽചാടി ചിറ്റൂർ റോഡിലേക്ക് കടന്ന കള്ളനെ സോമശേഖരനും ദീപക്കും പിന്തുടർന്നു. ഇതുവഴി വന്ന നാട്ടുകാരന്റെ സഹായത്തോടെ കീഴ്‌പ്പെടുത്തി ക്ഷേത്രവളപ്പിൽ കൈകാലുകൾ കെട്ടിയിട്ട് പൊലീസിനെ അറിയിച്ചു. എറണാകുളം സെൻട്രൽ പൊലീസെത്തി കെട്ടഴിച്ചാണ് കസ്റ്റഡിയിലെടുത്തത്. ആദ്യം വ്യക്തമായ മേൽവിലാസവും വിവരങ്ങളും നൽകാൻ തയ്യാറായില്ലെങ്കിലും ഡിജിറ്റൽ വിരലടയാളം ശേഖരിച്ചുള്ള പരിശോധനയിൽ അസാം സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |