കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ ആമവിളക്ക് വിവാദം കത്തുന്നു. ക്ഷേത്രനടയിൽ ഉണ്ടായിരുന്ന പുരാതനമായ ആമവിളക്ക് കർക്കടകത്തിലാണ് മാറ്റി സ്ഥാപിച്ചത്. മാറ്റിയ വിളക്ക് കാണാനില്ലെന്നും ദേവസ്വം ജീവനക്കാർ ഒളിച്ചുകളിക്കുകയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.അശോക് കുമാർ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നൽകിയിരുന്നു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ക്ഷേത്രത്തിനും ജീവനക്കാർക്കും മാനഹാനിയുണ്ടാക്കുന്നതിനെതിരെ സമിതി പ്രസിഡന്റിനും മുൻഭാരവാഹി ഐ.എൻ. രഘുവിനും എതിരെ ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ സിറ്റി പൊലീസ് കമ്മിഷണർക്കും എറണാകുളം സെൻട്രൽ പൊലീസിലും കഴിഞ്ഞ ദിവസം പരാതി നൽകി. മാറ്റിയ വിളക്ക് ദേവസ്വം സ്റ്റോറിലുണ്ടെന്നാണ് ഓഫീസറുടെ വിശദീകരണം. നൂറുവർഷത്തോളം പഴക്കമുള്ളതാണ് വിളക്ക്. ഉപദേശക സമിതിയും ദേവസ്വം ജീവനക്കാരും തമ്മിലുള്ള പോരിന്റെ പുതിയ എപ്പിസോഡാണ് വിളക്ക് വിവാദം. ക്ഷേത്രത്തിലെ മുൻ ഉപദേശക സമിതിയായിരുന്ന എറണാകുളം ക്ഷേത്രക്ഷേമ സമിതിയുടെ ഓഫീസ് ഒരു വർഷം മുമ്പ് പൊളിച്ചുമാറ്റിയ സംഭവത്തിൽ എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ ദേവസ്വം ഓഫീസർക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
ആമവിളക്ക്
പടിഞ്ഞാറേ നടയിൽ കൊടിമരത്തിന് സമീപം ഉണ്ടായിരുന്ന ആമയുടെ പുറത്ത് ഏഴ് തട്ടുള്ള ഓടിൽ തീർത്ത 10 അടിയോളം ഉയരമുള്ള വിളക്ക്. 75 കിലോയാണ് തൂക്കം.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് അഞ്ചു ലക്ഷത്തോളം മുടക്കി മാന്നാറിൽ നിർമ്മിച്ച 233 കിലോയുള്ള പുതിയ വിളക്ക് സമർപ്പിച്ചത്.
പഴയ വിളക്ക് ദേവസ്വം സെൻട്രൽ സ്റ്റോക്കിലേക്ക് മാറ്റാനാണ് ഉത്തരവ്. ഇതിന് വേണ്ടിയാണ് സ്റ്റോറിൽ സൂക്ഷിച്ചിട്ടുള്ളത്. ഓഫീസിൽ അന്വേഷിക്കാതെ ചിലർ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
അഖിൽ ദാമോദരൻ,
ദേവസ്വം ഓഫീസർ
പൗരാണികമായ വിളക്ക് മാറ്റുന്നത് സമിതി അറിയാതെയാണ്. ദുരൂഹതയുണ്ട്. മാറ്റിയ വിളക്ക് മറിച്ചുവിറ്റോയെന്ന് സംശയിക്കണം. അല്ലെങ്കിൽ അത് കാണിച്ചുതരാൻ ഓഫീസർ തയ്യാറാകണം.
എസ്. അശോക് കുമാർ,
പ്രസിഡന്റ്,
ഉപദേശക സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |