SignIn
Kerala Kaumudi Online
Monday, 26 October 2026 7.38 AM IST

കാലത്തെ കാസറ്റുകളിൽ കാത്തുവെച്ച് കൃഷ്ണമൂർത്തി

j

തൃപ്പൂണിത്തുറ: ചിലർ സംഗീതം ആസ്വദിക്കുന്നു, മറ്റുചിലർ സംഗീതം പഠിക്കുന്നു. എന്നാൽ, കേട്ട സംഗീതം കാലത്തിന്റെ ഒഴുക്കിൽ നഷ്ടപ്പെടാതിരിക്കാൻ ജീവിതംതന്നെ സമർപ്പിക്കുന്നവരുടെ കൂട്ടത്തിലാണ് പൂണിത്തുറയിലെ തിരുപ്പുകഴ് വീട്ടിൽ ആർ. കൃഷ്ണമൂർത്തി. കർണാടക സംഗീതത്തിലെ അതുല്യപ്രതിഭ എം.ഡി. രാമനാഥന്റെ മുന്നൂറോളം കച്ചേരികളുടെ ആയിരത്തിലേറെ കാസറ്റുകൾ ഉൾപ്പെടെ പതിനായിരത്തിലേറെ കാസറ്റുകളാണ് ഈ വിരമിച്ച ചിത്രകലാ അദ്ധ്യാപകന്റെ ശേഖരത്തിലുള്ളത്.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ എളുപ്പത്തിൽ ലഭിക്കാത്ത പഴയകാല കച്ചേരികൾ, സംഗീതപ്രതിഭകളുടെ അപൂർവ ആലാപനങ്ങൾ, കാലത്തിന്റെ കൈയൊപ്പുള്ള ശബ്ദരേഖകൾ അങ്ങനെ ഓരോ കാസറ്റും ഒരു സംഗീതകാലത്തിന്റെ ഓർമയാണ്.

വീട്ടിലെ മർഫി റേഡിയോയിലൂടെ എം.ഡി. രാമനാഥന്റെ സംഗീതം കേട്ടുതുടങ്ങിയ കാലത്താണ് കൃഷ്ണമൂർത്തിയുടെ മനസിൽ ഗായകനോടുള്ള ആരാധന വളർന്നത്. ആ കച്ചേരികൾ വീണ്ടും കേൾക്കണമെന്ന ആഗ്രഹം കാസറ്റ് ശേഖരണ യാത്രയായി മാറി.

1978ൽ ജോലിയിൽ പ്രവേശിച്ച കൃഷ്ണമൂർത്തി 1980ൽ ടേപ്പ് റെക്കോർഡർ വാങ്ങിയതോടെയാണ് കാസറ്റുകളുടെ ലോകത്തേക്ക് സജീവമായി കടന്നത്. സംഗീതലോകവുമായി ബന്ധപ്പെട്ട സൗഹൃദങ്ങളും പരിചയങ്ങളും യാത്രകളും ശേഖരം വിപുലീകരിക്കാൻ സഹായിച്ചു. പാലക്കാട് മണി അയ്യരുടെ മകൻ രാജാമണിയിലൂടെയും പ്രിൻസ് രാമവർമ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയും നിരവധി അപൂർവ റെക്കാർഡിംഗുകൾ ലഭിച്ചു.

ഒരു കച്ചേരി രണ്ടും മൂന്നും കാസറ്റുകളിലായി സൂക്ഷിക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. ഓരോ കച്ചേരിയും തിരിച്ചറിയാൻ പ്രത്യേക അടയാളങ്ങൾ വരച്ചുവയ്ക്കും. ശേഖരത്തിന്റെ വലുപ്പം മാത്രമല്ല, ഓരോ റെക്കാർഡിംഗും കൃത്യമായി സൂക്ഷിക്കാനുള്ള ശ്രദ്ധയും കൃഷ്ണമൂർത്തിയുടെ ശേഖരത്തെ വേറിട്ടതാക്കുന്നു.

എം.ഡി. രാമനാഥനെക്കുറിച്ചുള്ള കേദാരം, പാലക്കാട് മണി അയ്യരെക്കുറിച്ചുള്ള പുസ്തകം, നെയ്യാറ്റിൻകര വാസുദേവനെക്കുറിച്ചുള്ള ചിട്ടസ്വരങ്ങൾ എന്നിവ രചിച്ചു.

ചേർത്തല തൈക്കാട്ടുശ്ശേരിയിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്ത് ചിത്രകലയിൽ ഡിപ്ലോമ നേടിയ കൃഷ്ണമൂർത്തി ഏഴുപുന്ന സെന്റ് റാഫേൽ സ്കൂളിൽ മുപ്പത് വർഷത്തോളം ചിത്രകലാ അദ്ധ്യാപകനായി പ്രവർത്തിച്ചു.

രാമചന്ദ്രൻ പോറ്റിയുടെയും വനജാക്ഷിയുടെയും ഏഴു മക്കളിൽ മൂത്തയാളായ കൃഷ്ണമൂർത്തിയുടെ ഭാര്യ വിമല തിരുവാണിയൂർ സെന്റ് ഫിലോമിനാസ് സ്കൂളിലെ സംസ്കൃത അദ്ധ്യാപികയായിരുന്നു. മകൾ വോഡഫോണിൽ ഉന്നത ഉദ്യോഗസ്ഥയാണ്.

സംഗീത ആസ്വാദകർക്കായി

യൂട്യൂബ് ചാനൽ

കാലപ്പഴക്കംകൊണ്ട് കേടുപാടുകൾ സംഭവിക്കാവുന്ന കാസറ്റുകളിലെ ശബ്ദം ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി സംരക്ഷിക്കുകയാണ് ഇപ്പോഴത്തെ പ്രധാന പ്രവർത്തനം. പഴയ കാസറ്റുകൾ പെൻഡ്രൈവുകളിലേക്ക് പകർത്തുന്നതിനൊപ്പം സ്വന്തം യൂട്യൂബ് ചാനലായ കൃഷ്ണമൂർത്തി എംഡിആർ ഡേ വഴിയും കച്ചേരികൾ സംഗീതാസ്വാദകരിലേക്ക് എത്തിക്കുന്നു. രണ്ടായിരത്തിലേറെ കച്ചേരികൾ ഇതിനകം പങ്കുവച്ചു.

മഹാപ്രതിഭകളുടെ ശബ്ദരേഖകൾ

എം.ഡി. രാമനാഥൻ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, അരിയക്കുടി രാമാനുജ അയ്യങ്കാർ, പാലക്കാട് കെ.വി. നാരായണസ്വാമി, ജി.എൻ. ബാലസുബ്രഹ്മണ്യം, ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി, ടി. ബ്രിന്ദ, ടി. മുക്ത, എം.എസ്. സുബ്ബലക്ഷ്മി, ടി.ആർ. മഹാലിംഗം, ടി.കെ. രംഗാചാരി തുടങ്ങി പ്രതിഭകളുടെ ശബ്ദരേഖകളും ശേഖരണത്തിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL