
കൊച്ചി: സ്വകാര്യ ബസ് യാത്രക്കിടെ വിലകൂടിയ മൊബൈൽ ഫോൺ കൈമോശം വന്ന അമേരിക്കൻ വിനോദ സഞ്ചാരി ക്രിസ്റ്റീന (57) ആദ്യം തിരക്കിയത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനാണ്. കേരള പൊലീസിന്റെ സൈബർ വൈദഗ്ധ്യത്തെ കുറിച്ച് എഴുത്തുകാരിയായ ക്രിസ്റ്റീന കേട്ടിരുന്നു. ഹൈക്കോർട്ട് ജംഗ്ഷനിൽ ബസിറങ്ങി കഴിഞ്ഞപ്പോഴാണ് ഫോൺ പോയതറിയുന്നത്. അപ്പോഴേക്കും ബസ് പോയിരുന്നു. തൊട്ടടുത്ത സ്റ്റാൻഡിലെ ഓട്ടോക്കാരൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ക്രിസ്റ്റീനയെ എത്തിച്ചു.
ചെറായി ബീച്ചിന്റെ സൗന്ദര്യം നുകർന്ന് മടങ്ങിയപ്പോഴാണ് ബസ് യാത്രക്കിടെ ഫോൺ നഷ്ടമായത്. സൈലന്റ് മോഡിലിട്ടതിനാൽ ബെല്ലടിച്ചിട്ടും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. അടുത്ത ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ട ക്രിസ്റ്റീന വൈകിട്ട് 6.30ന് സ്റ്റേഷനിൽ എത്തുമ്പോൾ ആശങ്കയിലായിരുന്നു. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ ഒരുപാട് വിവരങ്ങൾ ഫോണിലുണ്ടായിരുന്നു.
ആക്ഷൻ മോഡ് ഓൺ
ക്രിസ്റ്റീന സ്റ്റേഷനിൽ എത്തിയയുടൻ എസ്.ഐമാരായ സി.എസ്.സുബോധും ഇ.എം. ഷാജിയും ‘ആക്ഷൻ’ തുടങ്ങി. ഫോൺ വൈപ്പിൻ, ഞാറയ്ക്കൽ ഭാഗത്തു കൂടി നീങ്ങുകയാണെന്ന് ട്രാക്കിംഗിൽ കണ്ടെത്തി. ഇതോടെ ബസിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ചു. രാത്രി 7.30ഓടെ ഫോണിൽ നിന്നുള്ള സിഗ്നൽ എറണാകുളം ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. ക്രിസ്റ്റീനയുമായി പൊലീസ് സി.എം.എഫ്.ആർ.ഐയ്ക്ക് സമീപത്തെ സ്റ്റോപ്പിൽ കാത്തുനിന്നു. ഏത് ബസിലാണ് ഫോണെന്ന് അപ്പോഴും വ്യക്തമായിരുന്നില്ല. ഇതിനിടെ വൈപ്പിൻ ഭാഗത്ത് നിന്ന് മൂന്ന് ബസുകൾ ഒരുമിച്ചെത്തി. ഈ ബസുകളിൽ ഒരെണ്ണത്തിന്റെ സീറ്റിനടിയിൽ നിന്നാണ് ഫോൺ തപ്പിയെടുത്തത്.
പൊലീസ് ജീപ്പിൽ മെട്രോ സ്റ്റേഷനിൽ
ഫോൺ കണ്ടയുടൻ എസ്.ഐ സുബോധിനെ കെട്ടിപ്പിടിച്ച് ക്രിസ്റ്റീന സന്തോഷം പ്രകടിപ്പിച്ചു. നെടുമ്പാശേരിയിൽ പോകാൻ പൊലീസ് ജീപ്പിൽ എം.ജി റോഡ് മെട്രോ സ്റ്റേഷനിലെത്തിച്ചു. എസ്. ഐമാർക്കൊപ്പം സെൽഫിയെടുത്താണ് ക്രിസ്റ്റീന മടങ്ങിയത്. എഴുത്തും വായനയും സഞ്ചാരവും ഇഷ്ടപ്പെടുന്ന ഇവർ ഒരു മാസമായി ഫോർട്ട് കൊച്ചിയിലായിരുന്നു. അമേരിക്കയിൽ എത്തിയാലുടൻ കൊച്ചി പൊലീസിന്റെ സേവനത്തെ അഭിനന്ദിച്ച് മെയിൽ അയക്കുമെന്ന് ക്രിസ്റ്റീന പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |