SignIn
Kerala Kaumudi Online
Monday, 26 October 2026 7.37 AM IST

കാപ്രൊലാക്ടം: പ്രതീക്ഷകളുടെ ചിറകേറി ഫാക്ട്

fact

കളമശേരി: ലാഭത്തിൽ നിന്ന് കോടികളുടെ നഷ്ടത്തിലേക്ക് വീണ ഫാക്ടിന് തിരിച്ചുവരവിന് അവസരമൊരുങ്ങുന്നു. ഫാക്ട് കാപ്രൊലാക്ടം പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടികൾ തുടങ്ങി. പ്ലാന്റ് റീ സ്റ്റാർട്ട് ചെയ്യാൻ ഏകദേശം 60 കോടി രൂപയുടെ ധനസഹായപദ്ധതി രാസവളം വകുപ്പ് മന്ത്രാലയത്തിന് സമർപ്പിച്ചു. പ്രതിവർഷം 50,000 മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള കാപ്രൊലാക്ടം ലാഭകരമല്ലാത്തതിനെ തുടർന്ന് പ്രവർത്തനം നിറുത്തിയതാണ്. രാജ്യത്ത് കാപ്രൊലാക്ടം ഉല്പാദിപ്പിക്കുന്നത് ഫാക്ടും ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡും മാത്രമാണ്.

വിലകുറഞ്ഞ ഗുണനിലവാരമില്ലാത്ത വിദേശ ഉല്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തള്ളിക്കയറുന്നത് തദ്ദേശീയ വ്യവസായത്തിന്റെ നിലനില്പിന് ഭീഷണി ഉയർത്തുന്നത് ചൂണ്ടിക്കാട്ടി ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് നൽകിയ പരാതിയെ തുടർന്ന് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് (ഡി.ജി. ടി.ആർ ) സമഗ്രമായ ആന്റി- ഡമ്പിംഗ് അന്വേഷണം നടത്തി​. പരാതി​ ബോധ്യപ്പെട്ടതി​നെ തുടർന്നാണ് ഇറക്കുമതി തീരുവ ഉയർത്താൻ നടപടി​ തുടങ്ങിയത്. ഉടനെ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

ഭീഷണിയായത് വിദേശികൾ

ഉപോത്പന്നമായ അമോണിയം സൾഫേറ്റ് 2, 25,000 മെട്രിക് ടൺ ഉല്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ്. ഏകദേശം 700 കോടി വിറ്റുവരവുണ്ടായിരുന്നു. ചൈന, റഷ്യ, തായ്ലൻഡ് , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുന്നതാണ് ഫാക്ടിനെ ദോഷകരമായി ബാധിച്ചത്. ഗുണനിലവാരമില്ലാത്ത വില കുറഞ്ഞ ചൈനീസ് ഉത്പന്നമാണ് കൂടുതൽ ഭീഷണി.

വസ്ത്രനിർമ്മാണത്തിന്

കാപ്രൊലാക്ടത്തിൽ നിന്ന് നൈലോൺ -6 എന്ന സിന്തറ്റിക് പോളിമർ ആണ് നിർമ്മിക്കുന്നത്. കായിക- നീന്തൽ താരങ്ങൾക്കുള്ള വസ്ത്രങ്ങൾ, മീൻപിടിത്ത വലകൾ, അടിവസ്ത്രങ്ങൾ, സോക്സ് , നൈലോൺ ടയർ കോഡുകൾ, ഫാബ്രിക്കും, ടെക്സ്റ്റൈൽ മേഖലയിൽ ഉപയോഗിക്കുന്ന നൈലോൺ ഫിലമെന്റ് നൂലുകൾ, കാർപെറ്റ്, ബ്രഷ് നാരുകൾ, കൺവെയർ ബെൽറ്റുകൾ, പ്ലാസ്റ്റിക് ഫിലിമുകൾ തുടങ്ങിയവയാണ് ഉത്പാദിപ്പിക്കുന്നത്.

പ്ളാന്റ് ചരിത്രം

1990 - 91 : 438 കോടി മുടക്കി കമ്മീഷൻ ചെയ്തതാണ് ഏലൂരിലെ വമ്പൻ പ്ളാന്റ്

2013 : ഇന്ധന വിലക്കയറ്റം മൂലം പ്രവർത്തനം നിറുത്തി

2021 : എൽ.എൻ. ജി ഇന്ധനമാക്കി 2021ൽ വീണ്ടും തുറന്നു

2024 : കുറഞ്ഞ വിലയിൽ വി​ദേശ കാപ്രൊലാക്ടം എത്തിയതോടെ പൂട്ടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL