തൊടുപുഴ: കടുത്ത തർക്കങ്ങൾക്കും വാക്കേറ്റങ്ങൾക്കുമൊടുവിൽ തൊടുപുഴ നഗരസഭയിലെ 14-ാം വാർഡ് ഹരിതകർമ സേന അംഗങ്ങളെ വാർഡ് മാറ്റാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. എൽ.ഡി.എഫിന്റെ കടുത്ത വിയോജിപ്പിനെ മറികടന്ന് യു.ഡി.എഫ് ഭരണസമിതി വിഷയം വോട്ടിനിടുകയായിരുന്നു. തുടർന്ന് ആറിനെതിരെ 19 വോട്ടുകൾക്ക് യു.ഡി.എഫ് ഭൂരിപക്ഷത്തോടെയാണ് മാറ്റം അംഗീകരിച്ചത്. ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. പട്ടയംകവല ഉൾപ്പെടുന്ന വാർഡിലെ ഹരിതകർമ സേന അംഗങ്ങൾക്കെതിരെ കൗൺസിലർ ജോമോൻ ഉലഹന്നാൻ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ, മുമ്പ് തീരുമാനിച്ചതുപോലെ പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കാതെയാണ് ഈ നടപടിയെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ഹരിത കർമ്മ സേനാംഗങ്ങൾ ജോലി ചെയ്യുന്നില്ലെന്ന ജനങ്ങളുടെ പരാതിയെ തുടർന്നാണ് മാറ്റാൻ ആവശ്യപ്പെട്ടതെന്ന് ജോമോൻ ഉലഹന്നാൻപറഞ്ഞു. അതേസമയം വാർഡിലെ 86 ശതമാനം വീടുകളിലും സേനാംഗങ്ങൾ കൃത്യമായി എത്തുന്നുണ്ടെന്നും കൗൺസിലറുടെ വ്യക്തിപരമായ കാരണങ്ങളാലാണ് പരാതിയെന്നും എൽ.ഡി.എഫ് നിലപാടെടുത്തു. തുർന്നാണ് വോട്ടിനിട്ട് മാറ്റിയത്.
കുടുംബശ്രീ സി.ഡി.എസ് കമ്മിറ്റിയിലേക്ക് അഞ്ച് വനിതാ കൗൺസിലർമാരെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും കൗൺസിലിൽ രൂക്ഷമായ വാക്‌പോര് നടന്നു. നിലവിൽ വിവിധ കമ്മിറ്റികളിലുള്ളവരെ വീണ്ടും സി.ഡി.എസിൽ ഉൾപ്പെടുത്തുന്നതിനെ യു.ഡി.എഫിലെ വിഷ്ണു കെ. ശശിയടക്കമുള്ളവർ എതിർത്തു. ചർച്ചയ്ക്കിടെ ബി.ജെ.പിയിലെ രേണുക രാജശേഖരൻ നടത്തിയ ചില പരാമർശങ്ങൾ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വലിയ ബഹളത്തിന് കാരണമായി. ഒടുവിൽ തർക്കങ്ങൾക്കൊടുവിൽ കമ്മിറ്റിയിലേക്ക് പ്രതിനിധികളെ പ്രതിപക്ഷത്ത് നിന്ന് ഓരോരുത്തരെ ചേർത്ത് തിരഞ്ഞെടുത്തു. എൽ.ഡി.എഫിൽ നിന്ന് ബിജി സുരേഷിനെയും ബി.ജെ.പിയിൽ നിന്ന് രേണുക രാജശേഖരനെയുമാണ് തിരഞ്ഞെടുത്തത്. യു.ഡി.എഫിൽ നിന്ന് ആനീസ് ജോൺ, ആതിര ജോഷി, രാജി അജേഷ് എന്നിവരെ ഉൾപ്പെടുത്തി. ഇതിൽ ആനീസ് ജോൺ, ബിജി സുരേഷ്, ആതിര ജോഷി എന്നിവർ നിലവിൽ നഗരസഭയുടെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ കൂടിയാണ്.
പി.എച്ച്.സിയെ ചൊല്ലി യു.ഡി.എഫിൽ ഭിന്നത
പാറക്കടവ് അർബൻ പി.എച്ച്.സിയിലെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) പുനഃസംഘടിപ്പിക്കുന്ന വിഷയത്തിൽ ഭരണപക്ഷമായ യു.ഡി.എഫിലെ അനൈക്യം പ്രകടമായി. സർക്കാർ ഉത്തരവ് പ്രകാരം കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട മൂന്ന് സന്നദ്ധപ്രവർത്തകരുടെ കാര്യത്തിലാണ് തർക്കമുണ്ടായത്. എൽ.ഡി.എഫും ബി.ജെ.പിയും ഓരോ പ്രതിനിധികളെ നിർദേശിച്ചപ്പോൾ, യു.ഡി.എഫിൽ കോൺഗ്രസിനും ലീഗിനും ഓരോ സീറ്റ് വേണമെന്നതിനെച്ചൊല്ലി തർക്കമായി. ഇതോടെ അജണ്ട തീരുമാനമെടുക്കാതെ മാറ്റിവച്ചു.കമ്മിറ്റി നിലവിൽ വരാത്തത് ആശുപത്രിയിലെ ഫണ്ടുകളുടെ വിനിയോഗത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |