ഉടുമ്പന്നൂർ: എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഗ്രാമവണ്ടിക്കെതിരെ പരസ്യമായി പ്രസംഗിക്കുകയും യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ സർവ്വീസ് നിറുത്താൻ നിദ്ദേശിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് റോയ് കെ. പൗലോസ് എം.എൽ.എയായപ്പോൾ സ്വന്തം മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് സ്വന്തം ഫോട്ടോയും വച്ച് ഗ്രാമവണ്ടി സർവീസ് ആരംഭിച്ചതിൽ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം എരിയാ കമ്മിറ്റിയംഗം എം. ലതീഷ് പറഞ്ഞു. ഉടുമ്പന്നൂരിലെ വിവിധ ഉൾനാടൻ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചത്.
അന്ന് യു.ഡി.എഫ് സമരം ഉദ്ഘാടനം ചെയ്ത് റോയ് കെ. പൗലോസ് ഗ്രാമവണ്ടിക്കെതിരെ രൂക്ഷ വിമർശനമുയർത്തി. യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ എൽ.ഡി.എഫ് ഭരണസമിതി നടപ്പിലാക്കിയെന്ന ഒറ്റക്കാരണം കൊണ്ട് പദ്ധതി നിറുത്തലാക്കുക്കുകയായിരുന്നു. എന്നാൽ റോയ് എം.എൽ.എയായപ്പോൾ സ്വന്തം മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇപ്പോൾ ഗ്രാമവണ്ടി സർവ്വീസ് ആരംഭിച്ചിരിക്കുന്നു. സ്വന്തം ഫോട്ടോയും പതിപ്പിച്ച് ഉദ്ഘാടനവും നിർവ്വഹിച്ചു. എൽ.ഡി.എഫ് കൊണ്ടുവന്നപ്പോൾ പദ്ധതിക്കെതിരെ നിലപാട് സ്വീകരിക്കുകയും അധികാരം കിട്ടിയപ്പോൾ സ്വന്തം മണ്ഡലത്തിൽ അത് നടപ്പിലാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. താൻ താമസിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന ഒരു പദ്ധതി രാഷ്ട്രീയ വിരോധം മൂലം നിറുത്തലാക്കി സ്വന്തം മണ്ഡലത്തിലെ പഞ്ചായത്തുകളിലേക്ക് മാറ്റി നടപ്പിലാക്കുന്നത് രണ്ട് തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ നാടിനോട് ചെയ്യുന്ന വഞ്ചനയാണ്. ഉടുമ്പന്നൂരിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന ഗ്രാമവണ്ടി സർവ്വീസ് പുനരാരംഭിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ലതീഷ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |