SignIn
Kerala Kaumudi Online
Sunday, 30 August 2026 12.37 AM IST

അബോധാവസ്ഥയിൽ കിടന്ന യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു

തൊടുപുഴ: സ്ട്രോക്ക് വന്നതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവാവിന് രക്ഷകരായി തൊടുപുഴ ഫയർഫോഴ്സ്. നഗരത്തിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഞറുക്കുറ്റി സ്വദേശി മനോജിനെയാണ് (42) സേന രക്ഷിച്ചത്. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. കമ്പനി ഗോഡൗണായി ഉപയോഗിക്കുന്ന കാപ്പ് ഭാഗത്തുള്ള വീട്ടിലാണ് ജീവനക്കാരനായ മനോജ് കുടുംബസമേതം താമസിച്ചിരുന്നത്. ഓണത്തിന് കുടുംബക്കാർ ബന്ധുവീട്ടിൽ പോയിനാൽ മനോജ് ഒറ്റയ്ക്കായിരുന്നു. രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് ഉടമ അന്വേഷിച്ച് എത്തിയപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സഹായത്തിനായി തൊടുപുഴ ഫയർഫോഴ്സിൽ അറിയിച്ചു. സേനയെത്തി ഡോർ ബ്രേക്ക് ചെയ്ത് അകത്തുകയറിയപ്പോൾ മുറിക്കുള്ളിൽ അവശനിലയിൽ സംസാരശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു ഇയാൾ. ഉടനടി ഫയർഫോഴ്സിന്റെ ആംബുലൻസിൽ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ്ധചികിത്സക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ടി.ടി. അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ടി.കെ. വിവേക്, കെ.എസ്. ബാദുഷ, ജെയിംസ് പുന്നൻ, ജെയിംസ് നോബിൾ, കെ.പി. സലീം എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL