SignIn
Kerala Kaumudi Online
Sunday, 30 August 2026 9.57 AM IST

ബുക്ക് ചെയ്താലും സമയത്ത് കിട്ടില്ല, പാചകവാതക വിതരണം തോന്നുംപടിയായി

lightweight-cookinggas

തൊടുപുഴ: രണ്ടു ദിവസത്തിൽ കൂടുതൽ വൈകിയാൽ പാചകവാതക സിലിണ്ടറിന്റെ ബുക്കിംഗ് റദ്ദാക്കുന്ന രീതി ഉപഭോക്താക്കളെ വലയ്ക്കുന്നു. ഗ്രാമീണമേഖലയിലാണ് പ്രതിസന്ധി കൂടുതലും. സിലിണ്ടറിനായി ബുക്ക് ചെയ്ത തീയതിക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ ഏജൻസി വിതരണം ചെയ്തില്ലെങ്കിൽ എണ്ണക്കമ്പനികൾ തന്നെ ബുക്കിംഗ് റദ്ദാക്കുന്നതാണ് ഇപ്പോഴത്തെ രീതി. സിലിണ്ടർ ലഭിക്കണമെങ്കിൽ ഉപഭോക്താവ് വീണ്ടും ബുക്കിംഗ് നടത്തണം. ഇതിനാൽ പലയിടത്തും വിതരണ ഏജൻസികളും ഉപയോക്താക്കളും തമ്മിൽ തർക്കം പതിവായിരിക്കുകയാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നു പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ രേഖാമൂലമുള്ള നിർദേശങ്ങളൊന്നും നിലവിലില്ല. ബി.പി.സി.എൽ, ഇന്ത്യൻ ഓയിൽ തുടങ്ങിയ കമ്പനികളിലെല്ലാം പ്രതിസന്ധി രൂക്ഷമാണ്. സിലിണ്ടറിന്റെ സ്റ്റോക്ക് തീരുന്നതും വിതരണ കമ്പനികളിലെ തൊഴിലാളി സമരവും മൂലം ബുക്ക് ചെയ്തവർക്ക് സമയത്തിനുള്ളിൽ സിലിണ്ടർ വിതരണം പൂർത്തിയാക്കുക അസാദ്ധ്യമാണെന്നാണ് പ്രാദേശിക ഏജൻസികളുടെ വാദം.

 നിയന്ത്രണം കുറച്ചതും ഗുണകരമായില്ല

മുമ്പ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഗ്രാമീണ മേഖലകളിൽ 45 ദിവസവും നഗരപ്രദേശങ്ങളിൽ 25 ദിവസവും എന്നതായിരുന്നു കണക്ക്. നിലവിൽ ഈ നിയന്ത്രണം പിൻവലിച്ചെങ്കിലും 30 ദിവസമെങ്കിലുമാവാതെ ഓൺലൈൻ ബുക്കിംഗ് നടത്താനാവില്ലെന്നതാണ് യാഥാർത്ഥ്യം. ഇതിനുപുറമേയാണ് ബുക്കിംഗ് തീയതിയിൽ ഗ്യാസ് ലഭിക്കാതെ വരുന്നതും.

മസ്റ്ററിംഗ് പ്രവാസികൾക്ക് തിരിച്ചടി

ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് നിർബ്ബന്ധമാക്കിയത് പ്രവാസികൾക്ക് തിരിച്ചടിയാണ്. ബയോമെട്രിക് സംവിധാനമായതിനാൽ അപേക്ഷകർ നേരിട്ട് എത്തേണ്ട സാഹചര്യമാണ്. ഇതോടെ നിലവിൽ ഇവരുടെ കണക്ഷൻ സസ്പെൻഡ് ചെയ്യപ്പെടുന്ന സാഹചര്യമാണ്. പിന്നീട് ഇത് പുനഃസ്ഥാപിക്കണമെങ്കിൽ വിതരണക്കമ്പനിയുടെ സെയിൽസ് ഓഫീസർക്ക് അപേക്ഷ നൽകണം. നിലവിൽ കണക്ഷനില്ലാത്ത കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റുകയാണ് ഇതിന് ഏകപരിഹാരം. ഇതോടെ വിദേശത്ത് സ്ഥിരതാമസമില്ലാത്ത പ്രവാസികൾക്ക് സ്വന്തം പേരിൽ കണക്ഷനില്ലാത്ത അവസ്ഥയാകും.

 മസ്റ്ററിംഗ് ഏജൻസികൾ വഴിമാത്രം

കമ്പനികളുടെ ആപ്പ് വഴി ഉപഭോക്താക്കൾക്ക് നേരിട്ട് മസ്റ്ററിംഗ് നടത്താമായിരുന്നതിന്റെ കാലാവധി കഴിഞ്ഞ 23ന് അവസാനിച്ചു. ഇനി മുതൽ വിതരണക്കാരായ ഏജൻസികളിൽ നേരിട്ടെത്തിയാൽ മാത്രമായിരിക്കും മസ്റ്ററിംഗ് നടത്താനാവുക. മരിച്ചവരുടെ പേരിലുള്ള കണക്ഷൻ മാറ്റുന്നതിനും ഏജൻസികൾ വഴി അപേക്ഷിക്കാം. ഇവയ്ക്ക് രണ്ടിനും നിലവിൽ പ്രത്യേകസമയ പരിധി ഏർപ്പെടുത്തിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL