SignIn
Kerala Kaumudi Online
Sunday, 30 August 2026 11.45 PM IST

ഇന്ന് സ്കൂൾ തുറക്കും: ഉച്ചഭക്ഷണം മുടങ്ങുമോയെന്ന് ആശങ്ക

class
ഉച്ചഭക്ഷണം

തൊടുപുഴ: നിത്യോപയോഗ സാധനങ്ങളായ പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നത് സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തെ ബാധിക്കുമെന്ന് ആശങ്ക. ഓണാവധിക്ക് ശേഷം ഇന്ന് മുതൽ സ്കൂളുകൾ തുറക്കുമ്പോൾ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് സ്കൂൾ അധികൃതർ. വിലക്കയറ്റത്തിന് ആനുപാതികമായി സാധനം വാങ്ങുന്നതിനുള്ള തുക സർക്കാർ ഉയർത്താത്തതാണ് പ്രതിസന്ധിയാകുന്നത്. കുറഞ്ഞ വിഹിതം തുടർന്നാൽ ഉച്ചഭക്ഷണ വിതരണം തുടരാനാകില്ലെന്ന അവസ്ഥയിലാണ് പല സ്‌കൂളുകളും. ഉച്ചഭക്ഷണത്തിനുള്ള അരി മാത്രമാണ് സപ്ലൈകോ വഴി നൽകുന്നത്. പോഷകാഹാരമായി ആഴ്ചയിൽ ഒരു ദിവസം മുട്ടയും രണ്ട് ദിവസം 150 മില്ലി ലീറ്റർ വീതം പാലും നൽകണം. മുട്ടയ്ക്ക് ഒമ്പത് രൂപ വരെ വില കൊടുക്കേണ്ടി വരുമ്പോഴും സർക്കാർ നൽകുന്ന വിഹിതം ആറ് രൂപയാണ്. ലിറ്ററിന് ശരാശരി 60 രൂപ മുടക്കേണ്ടി വരുന്ന പാലിന് നൽകുന്നതാകട്ടെ 52 രൂപയും. എൽ.പിയിൽ ഒരു കുട്ടിക്ക് 6.78 രൂ പയും യു.പിയിൽ 10.17 രൂപയുമാണ് സർക്കാർ നൽകുന്നത്. 6.78 രൂപയിൽ 4.07 കേന്ദ്ര വിഹിതവും 2.71 സംസ്ഥാന വിഹിതവുമാണ്. യു.പിയിൽ 6.10 കേന്ദ്രവും 4.07 സംസ്ഥാനവും വഹിക്കുന്നു.

 ഗ്യാസും കിട്ടാനില്ല

ഗ്യാസ് വിതരണം പൂർണമായും ഒ.ടി.പി അടിസ്ഥാനത്തിലായതോടെ യഥാസമയം സിലിണ്ടർ ലഭിക്കാത്തതും പ്രതിസന്ധിയാണ്. കുട്ടികൾ കുറവുള്ള സ്‌കൂളിൽ പോലും മാസം കുറഞ്ഞത് രണ്ടിലേറെ സിലിണ്ടറുകൾ ആവശ്യമാണ്. ചില സ്കൂളുകളിൽ 10 സിലിണ്ടർവരെ വേണ്ടി വരും. മുൻ സർക്കാരിന്റെ കാലത്ത് വിറകടുപ്പ് നിരോധിച്ചതോടെ നിലവിൽ പാചകവാതകം മാത്രമാണ് ഏക ആശ്രയം.

 കമ്മ്യൂണിറ്റി കിച്ചൺ വേണം

ഉച്ചഭക്ഷണ വിതരണം കുടുംബശ്രീയെ ഏൽപ്പിച്ച് കമ്മ്യൂണിറ്റി കിച്ചൺ വഴി നടപ്പാക്കണമെന്ന ആവശ്യം അദ്ധ്യാപകർ വർഷങ്ങളായി ഉന്നയിക്കുന്നതാണെങ്കിലും മുൻ സർക്കാരും നിലവിലെ സർക്കാരും ഇക്കാര്യം പരിഗണിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇത്തരം രീതി തങ്ങളുടെ അധിക സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. നിലവിൽ ഭക്ഷണത്തിന് അധികമായി വരുന്ന പണം പ്രധാനാദ്ധ്യാപകനും മറ്റ് അദ്ധ്യാപകരും പി.ടി.എയുടെ സഹകരണത്തോടെയാണ് കണ്ടെത്തുന്നത്.

''നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംമൂലം ഉച്ചഭക്ഷണ നടത്തിപ്പ് വലിയ പ്രതിസന്ധിയിലാണ് ""

-രമേഷ് ( കെ.എസ്.ടി.എ ജില്ലാ പ്രസി‌ഡന്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL