SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.13 PM IST

ഇ.എസ്.എ: ഇടതുപക്ഷം പുകമറ സൃഷ്ടിക്കുന്നെന്ന് എം.പി

തൊടുപുഴ: ഇ.എസ്.എ കരട് വിജ്ഞാപനത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അനാവശ്യ പ്രചരണം നടത്തുകയാണ് ഇടതുപക്ഷമുന്നണി നേതൃത്വമെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ 2014 ൽ ഒന്നാമത്തെ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ വന്നതിനുശേഷം 10 വർഷക്കാലം ഇടതുപക്ഷ സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ യാതൊന്നും ചെയ്തില്ല . 2024 നവംബറിലാണ് ഭേദഗതി നിർദ്ദേശിച്ചു കൊണ്ട് കത്ത് കൈമാറിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ ഉമ്മൻ വി. ഉമ്മൻ കമ്മിഷന്റെ അടിസ്ഥാനത്തിൽ 9993.7 ച. കിലോമീറ്റർ ഇ.എസ്.എയായി ശുപാർശ നൽകുമ്പോൾ ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കിയാണ് നിർദ്ദേശിച്ചത്. ഡോ. കസ്തൂരി രംഗൻ ശുപാർശ ചെയ്ത 13,000ലധികം ച.കി.മീ ഇ.എസ്.എ എന്നത് 9993.7 ച. കിലോ മീറ്ററായി കുറഞ്ഞത് അങ്ങനെയാണ്. എന്നാൽ പിന്നീട് അഞ്ച് കരട് വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കപ്പെടുന്നത് മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിലാണ്. ഈ കാലഘട്ടത്തിൽ ഒന്നും കരടുവിജ്ഞാപനത്തിന്മേൽ വേണ്ടത്ര ഭേദഗതി നിർദ്ദേശിക്കാൻ ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞില്ല. ഒടുവിൽ 2024 നവംബറിൽ കേന്ദ്രത്തിന് ശുപാർശ നൽകിയപ്പോൾ യു.ഡി.എഫ് കാലഘട്ടത്തിനേക്കാൾ കുറേക്കൂടി ഭാഗം ഇ.എസ്.എ പരിധിയിൽ നിന്ന് ഒഴിവാക്കിയാണ് ശുപാർശ നൽകിയതെങ്കിലും അതിന് ആസ്പദമായ രേഖകൾ നൽകാൻ സർക്കാർ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് സമയമായപ്പോൾ മാത്രമാണ് കേന്ദ്രത്തെ സമീപിക്കുന്നതിന് സമയം കണ്ടെത്തിയത്. ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന ബി.ജെ.പി അനുവർത്തിക്കുന്ന നയം എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേകമായിട്ടുള്ള അന്തിമ വിജ്ഞാപനമാകാമെന്നാണ്. അത് സംബന്ധിച്ചുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ കേരളത്തിനായുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ പറ്റുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കപ്പെടാതെ പോയത് കഴിഞ്ഞ സർക്കാരിന്റെ വീഴ്ചയാണ്. നീണ്ട 10 വർഷക്കാലം അധികാരം ലഭിച്ചിട്ടും ഇ.എസ്.എ പ്രശ്നം പരിഹരിക്കാൻ എൽ.ഡി.എഫ് സർക്കാരിന് ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്തതിന്റെ ജാള്യതയിൽ അനാവശ്യ പ്രചരണം നടത്തുകയാണ്. സംസ്ഥാനം സമർപ്പിക്കുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന നിലപാടാണ് എല്ലാ എം.പിമാരും നാളിതുവരെയായി കൈ കൊണ്ടിട്ടുള്ളത്. എൽ.ഡി.എഫ് ഭരിച്ചിരുന്നപ്പോഴും അതേ നിലപാട് തന്നെയായിരുന്നു. തുടർന്നും ആ നിലപാട് തുടരുമെന്ന് എം.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL