SignIn
Kerala Kaumudi Online
Thursday, 03 September 2026 4.58 AM IST

ഇടുക്കിയുടെ ജോബിന് കെ.സി.എല്ലിൽ സെഞ്ച്വറി

jobin

തൊടുപുഴ: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇടുക്കിയുടെ അഭിമാനമുയർത്തി യുവതാരം ജോബിൻ ജോബിയുടെ വെടിക്കെട്ട് സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സിനായി പാഡണിഞ്ഞ ഈ തൊടുപുഴക്കാരൻ ആലപ്പി റിപ്പിൾസിനെതിരെ പുറത്താകാതെ നേടിയത് 51 പന്തിൽ 109 റൺസ്. ജോബിന്റെ മാസ്മരിക ഇന്നിംഗ്സ് മികവിൽ കൊച്ചി പടുത്തുയർത്തിയത് 242 റൺസെന്ന കൂറ്റൻ സ്‌കോറാണ്. പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ആലപ്പിക്കെതിരെ കൊച്ചിയുടെ ഒമ്പതാം മത്സരത്തിലായിരുന്നു ഓപ്പണറായെത്തിയ ജോബിന്റെ സംഹാര താണ്ഡവം. തുടക്കത്തിൽ നിലയുറപ്പിച്ച് കളിച്ച് 32 പന്തിൽ അർദ്ധസെഞ്ച്വറി പിന്നിട്ട താരം പിന്നീട് ഗിയർ മാറ്റി. തുടർന്നുള്ള 50 റൺസെടുക്കാൻ ഈ 19കാരന് വേണ്ടി വന്നത് വെറും 16 പന്തുകൾ മാത്രമാണ്. അവസാന ഓവറിലെ രണ്ടാം പന്തിൽ അതിമനോഹരമായി ജോബിൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കി.

ആലപ്പിയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ജോബിൻ 10 തവണയാണ് സിക്സ‌ർ പറത്തിയത്. 5 ഫോറും ആ ഇന്നിങ്സിന് മാറ്റുകൂട്ടി. കെ.സി.എല്ലിൽ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കാഡും ഇതോടെ ഈ ഇടുക്കിക്കാരന്റെ പേരിലായി.

തൊടുപുഴയുടെയും ഇടുക്കിയുടെയും ക്രിക്കറ്റ് മോഹങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ജോബിന്റെ ഈ നേട്ടം. കാഞ്ഞിരമറ്റം പെണ്ടനാത്ത് വീട്ടിൽ ജോബിയുടെയും മഞ്ജുവിന്റെയും മകനാണ് ജോബിൻ. ഇരുവരും സർക്കാർ ഉദ്യോഗസ്ഥരാണ്. റോബിനാണ് സഹോദരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL