SignIn
Kerala Kaumudi Online
Friday, 23 October 2026 12.12 PM IST

ഗഫൂർ ഹാജി കൊലക്കേസിൽ കൂടുതൽ പേർ പ്രതികളാകും

prathikal

കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ സി എം.അബ്ദുൾഗഫൂർ ഹാജി(55)യുടെ കൊലപാതകവുമായി കൂടുതൽ പേർക്ക് ബന്ധമെന്ന് സംശയം. കൊലയ്ക്ക് മുമ്പ് അബ്ദുൾഗഫൂർഹാജിയെ ദുർമന്ത്രവാദത്തിനിരയാക്കിയ ജിന്നുമ്മക്കും സംഘത്തിനും സഹായം നൽകിയ ചിലരെ കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.മൂന്ന് സ്ത്രീകളടക്കം നാലുപേരാണ് ഈ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം.

പ്രതികളെ ഹാജിക്ക് പരിചയപെടുത്തിയവർ, മന്ത്രവാദത്തിന്റെ ഇടനിലക്കാരായവർ, കൊലപാതകം നടത്തിയ ദിവസം പ്രതികളെ വീട്ടിൽ എത്തിച്ചവർ, കവർച്ച ചെയ്ത സ്വർണ്ണം വിൽക്കാൻ സഹായിച്ചവർ എന്നിവരിലേക്കാണ് അന്വേഷണം നീളുന്നത്.
ഹാജിയിൽ നിന്നും കൈക്കലാക്കിയ നാൽപത് ലക്ഷത്തിനടുത്ത് വില വരുന്ന 596 പവനിൽ 29 പവൻ മാത്രമാണ് അന്വേഷണസംഘത്തിന് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. ശേഷിച്ച സ്വർണാഭരണങ്ങൾ ജില്ലയിലെ ആറു ജ്വല്ലറികളിൽ വിൽപ്പന നടത്തിയതായി കേസിലെ പ്രതികളിലൊരാളായ ഷമീന അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ സ്വർണ്ണം വിൽപ്പന നടത്തിയത് കാസർകോട്ടെ മറ്റൊരു ജ്വല്ലറിയിലാണ്. ഈ ജ്വല്ലറിയുടെ ഉടമക്ക് ഹാജരാകാൻ ക്രൈംബ്രാഞ്ച് നാല് തവണ നോട്ടീസയച്ചിരുന്നു. എന്നാൽ ഉടമ ഇത് അനുസരിക്കാതെ ഗൾഫിലേക്ക് കടന്നതായാണ് വിവരം. അന്വേഷണസംഘത്തെ കബളിപ്പിച്ച ജ്വല്ലറിയുടമയെ പ്രതി ചേർക്കുന്ന കാര്യവും പരിഗണനയിലാണ്. ഗൾഫിലുള്ള ജ്വല്ലറിയുടമയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിനിടെ സ്വർണ്ണം കാസർകോട് ജില്ലക്ക് പുറത്തും സ്വർണ്ണം വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ അന്വേഷണം ജില്ലക്ക് പുറത്തേക്കും വ്യാപിപ്പിച്ചേക്കും.

കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കേസിൽ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ കിട്ടാനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ അപേക്ഷ നാളെ കോടതി പരിഗണിക്കും. ഉളിയത്തടുക്ക നാഷണൽ നഗർ തുരുത്തി സ്വദേശിയും മാങ്ങാട് കൂളിക്കുന്നിൽ താമസക്കാരനുമായ ടി.എം ഉവൈസ്(32), ഭാര്യ കൂളിക്കുന്ന് അണിഞ്ഞ റോഡിലെ കെ. എച്ച് ഷമീന എന്ന ജിന്നുമ്മ(31), പൂച്ചക്കാട് സ്വദേശിനിയും മുക്കൂട് ജീലാനി നഗറിൽ താമസക്കാരിയുമായ പി.എം അസ്നീഫ(36), മധൂർ കൊല്യയിലെ ആയിഷ(43) എന്നിവരാണ് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്. ഇവരെ വിട്ടുകിട്ടുന്നതിനായി ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പ്രതികളും കോടതിയിൽ ജാമ്യാപേക്ഷയും നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL