
തിരുവനന്തപുരം: എ.ഐ സാങ്കേതിക വിദ്യയിലൂടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളയച്ച ഐ.ടി പ്രൊഫഷണൽ അറസ്റ്രിൽ. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ചെന്നൈ സ്വദേശി ശരത് സുബ്രഹ്മണ്യമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസിന് കൈമാറി.
12 വർഷമായി ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ശരത് എ.ഐ ടെക്നോളജിയിൽ ഗവേഷണം നടത്തുകയാണ്. ഗവർണർ, മുഖ്യമന്ത്രി, കോടതികൾ, സെക്രട്ടേറിയറ്റ്, കളക്ടറേറ്റ്, അമ്പലങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ ലക്ഷ്യമിട്ടാണ് 200ലേറെ ഇ-മെയിൽ ഭീഷണി സന്ദേശങ്ങളയച്ചത്. 2023 മുതലായിരുന്നു സംഭവം. തിരുവനന്തപുരം നഗരത്തിൽ 40 വ്യാജ സന്ദേശങ്ങളാണ് ലഭിച്ചത്.
ശരത്തിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ 40 കേസുകളുണ്ട്.
ഓക്ലാൻഡിലെ പബ്ലിക് മാർക്കറ്റുകളിലെ ഫ്രീ വൈഫൈയാണ് ഇ-മെയിൽ ഐഡികളുണ്ടാക്കാൻ ഉപയോഗിച്ചത്. ഭീഷണി സന്ദേശമയച്ച ശേഷം തുടർന്നുള്ളസംഭവങ്ങളും ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുണ്ടായ ബുദ്ധിമുട്ടും പ്രാദേശികചാനലുകളിലൂടെ വിലയിരുത്തും.
പദ്മനാഭ ഭക്തർക്കും ബോംബ് ഭീഷണി
ഭീഷണി സന്ദേശങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് ആറു തവണ കോടതി നടപടികൾ തടസപ്പെട്ടിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും ആറ്റുകാൽ ക്ഷേത്രത്തിന്റെയും മെയിൽ ഐ.ഡി കരസ്ഥമാക്കി ഭക്തർക്കും ബോംബ് ഭീഷണി അയച്ചിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി വന്നതിനെ തുടർന്നുള്ള പരിശോധനയ്ക്കിടെ ഉയർന്ന ഉദ്യോഗസ്ഥർക്കുൾപ്പെടെ തേനീച്ച കുത്തേറ്റിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. ഷഹൻഷായുടെ ഇടപെടലിലൂടെ സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർമാരായ അജയകുമാർ, പ്രകാശ്, എസ്.ഐ ഷിബു, എസ്.സി.പി.ഒ രാകേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |