SignIn
Kerala Kaumudi Online
Tuesday, 13 October 2026 9.52 PM IST

ലോകത്ത് ഏറ്റവും കൂടുതൽ  കുറ്റകൃത്യങ്ങൾ  നടക്കുന്ന പത്ത് രാജ്യങ്ങൾ ഇവയാണ്; ഏഷ്യയിൽ നിന്ന് ഒരു രാജ്യം

world-map
ലോക മാപ്പ്

രാഷ്ട്രീയ സംഘർഷങ്ങളും ആഭ്യന്തര യുദ്ധങ്ങളും കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര പലപ്പോഴും സുരക്ഷാ ഭീഷണി ഉയർത്താറുണ്ട്. റഷ്യ, യുക്രെയ്ൻ, ഇസ്രയേൽ, ഇറാൻ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയിൽ സുരക്ഷാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അതേസമയം, ആഭ്യന്തര കുറ്റകൃത്യങ്ങളും സംഘടിത കുറ്റവാളികളുടെ പ്രവർത്തനങ്ങളും പല രാജ്യങ്ങളിലും വലിയ വെല്ലുവിളിയായി തുടരുകയാണ്.

വേൾഡ് ക്രൈം ഇൻഡക്സ് പട്ടികയെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന പത്ത് രാജ്യങ്ങൾ ഏതൊക്കെയെന്ന് പരശോധിക്കാം. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏഷ്യയിൽ നിന്ന് ഇടംപിടിച്ച ഏക രാജ്യം. ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി, ഭരണകൂട സംവിധാനങ്ങളിലെ പാളിച്ചകൾ എന്നിവയാണ് ഒരോ രാജ്യങ്ങളിലും കുറ്റകൃത്യങ്ങൾ പെരുകാനുള്ള പ്രധാന കാരണം.

കുറ്റകൃത്യനിരക്ക് ഉയർന്ന പത്ത് രാജ്യങ്ങൾ

പാപ്പുവ ന്യൂ ഗിനിയ

ദാരിദ്ര്യം, തൊഴിലില്ലായ്മ, ഗോത്രസംഘർഷങ്ങൾ, ദുർബലമായ പൊലീസ് സംവിധാനം എന്നിവയാണ് പാപ്പുവ ന്യൂ ഗിനിയയിലെ ഉയർന്ന കുറ്റകൃത്യനിരക്കിന് പ്രധാന കാരണം. നഗരവത്കരണം വേഗത്തിലായതും പൊലീസ് സംവിധാനം പരിമിതമായതും സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങൾ രൂക്ഷമാക്കാൻ ഇടയാക്കുന്നു.

വെനസ്വേല

ഏറെ നാളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും സംഘടിത കുറ്റകൃത്യങ്ങളുടെ വളർച്ചയും വെനസ്വേലയിലെ കുറ്റകൃത്യങ്ങൾക്ക് ആക്കം കൂട്ടുന്നു. അഴിമതി, ദുർബലമായ ഭരണസംവിധാനം, പരിമിതമായ പൊലീസ് ശേഷി എന്നിവയും രാജ്യത്തെ സുരക്ഷാ പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു.

ഹെയ്‌തി

തലസ്ഥാനമായ പോർട്ട്ഓഫ്പ്രിൻസിന്റെ അടക്കം വിവിധ പ്രദേശങ്ങളിൽ സായുധസംഘങ്ങളുടെ സ്വാധീനം വലിയ വെല്ലുവിളിയാണ്. തട്ടിക്കൊണ്ടുപോകൽ, പണം തട്ടിയെടുക്കൽ, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാഷ്ട്രീയ അസ്ഥിരതയും ദാരിദ്ര്യവും ദുർബലമായ പൊലീസ് സംവിധാനവുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

അഫ്ഗാനിസ്ഥാൻ

പട്ടികയിൽ ഇടംപിടിച്ച ഏക ഏഷ്യൻ രാജ്യമാണ് അഫ്ഗാനിസ്ഥാൻ. മോഷണം, കൊലപാതകം, സായുധ കവർച്ച, കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവിടെ പ്രധാന വെല്ലുവിളി. പരിമിതമായ സുരക്ഷാ സംവിധാനങ്ങളും സാമ്പത്തിക പ്രതിസന്ധിയും സ്ഥിതിഗതികളെ സങ്കീർണമാക്കുന്നു.

ദക്ഷിണാഫ്രിക്ക

കൊലപാതകം, കവർച്ച, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ അക്രമസംഭവങ്ങൾ ദക്ഷിണാഫ്രിക്ക നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. കടുത്ത സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനം, നിയമ സംവിധാനത്തിലെ പോരായ്മകൾ എന്നിവയും കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു.

ഹോണ്ടുറാസ്

സംഘം ചേർന്നുള്ള അക്രമം, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയാണ് ഹോണ്ടുറാസിലെ സുരക്ഷാ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടവ. ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി, മയക്കുമരുന്ന് കടത്ത് പാതയുടെ നിയന്ത്രണത്തിനുള്ള സംഘർഷങ്ങൾ എന്നിവയും അക്രമങ്ങൾക്ക് വഴിയൊരുക്കുന്നു.

ട്രിനിഡാഡ് ആൻഡ് ടൊബാഗോ

തോക്കുപയോഗിച്ചുള്ള അക്രമങ്ങളും സംഘങ്ങൾ തമ്മിലുള്ള കൊലപാതകങ്ങളുമാണ് രാജ്യത്തെ കുറ്റകൃത്യങ്ങളിൽ പ്രധാനമായും ഉൾപ്പെടുന്നത്. മയക്കുമരുന്ന് കടത്ത്, അനധികൃത തോക്കുകളുടെ വ്യാപനം, ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക എന്നിവയും കൊലപാതകങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകുന്നു.

സിറിയ

വർഷങ്ങളായി തുടരുന്ന ആഭ്യന്തരയുദ്ധം നിയമ സംവിധാനത്തെ താറുമാറാക്കിയിട്ടുണ്ട്. കള്ളക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, സായുധസംഘങ്ങളുടെ പ്രവർത്തനം തുടങ്ങിയവയ്ക്ക് ഇത് സാഹചര്യമൊരുക്കി. സാമ്പത്തിക തകർച്ചയും ജനങ്ങളുടെ കുടിയൊഴിപ്പിക്കലും വിവിധ പ്രദേശങ്ങളിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സുരക്ഷയെ ബാധിക്കുന്നു.

ജമൈക്ക

ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളും തോക്കുപയോഗിച്ചുള്ള അക്രമങ്ങളുമാണ് ജമൈക്കയിലെ കൊലപാതകങ്ങൾ വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. സാമ്പത്തിക അസമത്വം, സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങൾ, പ്രദേശങ്ങളുടെയും അനധികൃത വിപണികളുടെയും നിയന്ത്രണത്തിനായുള്ള മത്സരങ്ങൾ എന്നിവയും പ്രശ്നം രൂക്ഷമാക്കുന്നു.

ഗയാന

സാമ്പത്തിക അസമത്വം, മയക്കുമരുന്ന് കടത്ത്, നഗരങ്ങളിലും വിദൂര പ്രദേശങ്ങളിലും നടക്കുന്ന കുറ്റകൃത്യങ്ങൾ എന്നിവയാണ് ഗയാന നേരിടുന്ന പ്രധാന വെല്ലുവിളികൾ. ജനവാസം കുറഞ്ഞ പ്രദേശങ്ങളിൽ പൊലീസ് സാന്നിദ്ധ്യം പരിമിതമായതും അതിർത്തി കടന്നുള്ള കള്ളക്കടത്തും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ തടസമാകുന്നു.

English Summary

According to Numbeo’s World Crime Index, Papua New Guinea, Venezuela, Haiti, Afghanistan, South Africa, Honduras, Trinidad and Tobago, Syria, Jamaica, and Guyana are among the countries with high crime rates. Poverty, unemployment, corruption, political instability, weak law enforcement, and organised criminal groups are cited as major contributing factors. Afghanistan is the only Asian country on the list.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPLAINER, CRIME RATE, HIGHEST CRIME RATE IN 2026, COUNTRIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360