കണ്ണൂർ: ജില്ലയിൽ തെരുവുനായ്ക്കളുടെ എണ്ണത്തിലും അക്രമവും ഏറിയതോടെ, ഇവയുടെ വർദ്ധനവ് നിയന്ത്രിക്കാൻ വന്ധ്യംകരണം ഇരട്ടിയാക്കാൻ പദ്ധതി നടപ്പിലാക്കുന്നു.
നിലവിൽ ജില്ലയിൽ പടിയൂർ ഊരത്തൂരിൽ മാത്രമാണ് ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രം പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടുത്തെ സൗകര്യങ്ങൾ പര്യാപ്തമല്ല. ഇവിടെ നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ വർദ്ധിപ്പിക്കും. നിലവിൽ 50 കൂടുള്ളത് നൂറാക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രതിദിനം നായ്ക്കളുടെ വന്ധ്യംകരണം ഇരട്ടിയാക്കുന്നതിലൂടെ നായ്ക്കളുടെ വർദ്ധനവ് കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തെരുവുനായ വന്ധ്യംകരണത്തിനുള്ള അടിസ്ഥാന സൗകര്യം വിപുലപ്പെടുത്താനായി ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്.
ജില്ലയിൽ കഴിഞ്ഞ ദിവസമാണ് തെരുവുനായയെ കണ്ട് ഒടിയ കുട്ടി കിണറിൽ വീണ് മരിച്ചത്. തെരുവുനായകൾ പെരുകുകയും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണം വർദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്. നാല് എ.ബി.സി കേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നെങ്കിലും നടപടിയായിട്ടില്ല.
പേവിഷബാധ കൂടുതലായി റിപ്പോർട്ട് ചെയ്തതോടെയാണ് 2017ൽ പടിയൂരിൽ എ.ബി.സി സെന്റർ സജ്ജമാക്കിയത്. അക്രമവാസനയുള്ള നായകൾ ഉള്ളതിനാൽ പേവിഷബാധാ ലക്ഷണങ്ങളുണ്ടോയെന്നു നിരീക്ഷിക്കാൻ ആദ്യം നായകളെ ക്വാറന്റീനിലാക്കും. രണ്ടുദിവസം നിരീക്ഷിച്ച ശേഷം ശസ്ത്രക്രിയയ്ക്കു വിധേയമാക്കും. തുടർന്ന് വാക്‌സിനേഷൻ കൂടി നൽകിയാണ് നായകളെ വിട്ടയക്കുന്നത്. ഇതിനായി ഒരു വെറ്ററിനറി സർജൻ, നാലു മൃഗ പരിപാലകർ, ഒരു ഓപ്പറേഷൻ തിയേറ്റർ സഹായി, ഒരു ശുചീകരണ സഹായി, നായ പിടുത്തക്കാർ എന്നിവർ അടങ്ങുന്ന രണ്ടു ടീമുമുണ്ട്. വിദഗ്ദ്ധ പരിശീലനവും സർട്ടിഫിക്കറ്റുമുള്ള എട്ടു നായപിടുത്തക്കാരാണ് നിലവിലുള്ളത്. ഒരു നായയെ വന്ധ്യംകരിക്കാൻ കുറഞ്ഞത് രണ്ടുമണിക്കൂർ സമയം വേണം. ഒരുദിവസം പരമാവധി 15 നായകളെയാണ് വന്ധ്യംകരിക്കാനാവുക.
വന്ധ്യംകരിച്ചത് 12,000 തെരുവുനായ്ക്കളെ
നിലവിൽ പടിയൂരിൽ മാസത്തിൽ ജില്ലയിലെ രണ്ട് ബ്ലോക്ക് എന്ന വിധത്തിലാണ് തെരുവുനായകളുടെ വന്ധ്യംകരണം നടത്തുന്നത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം ആരംഭിച്ച 2017 മുതൽ ഇതുവരെ ജില്ലയിൽ 12,000 തെരുവുനായ്ക്കളുടെ വന്ധ്യംകരണമാണ് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് നടപ്പിലാക്കിയത്.
വാക്‌സിനേഷൻ പാതിവഴിയിൽ
തെരുവുനായ ഭീഷണി മറികടക്കാൻ നഗരസഭാ, ബ്ലോക്ക് തലങ്ങളിൽ ആരംഭിച്ച വാക്‌സിനേഷൻ യജ്ഞം പാതിവഴിയിലാണ്. ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡോഗ് ലവേഴ്സ് സംഘടനയുടെ സഹായത്തോടെ തെരുവുനായകൾക്ക് വാക്സിനേഷന്‍ നടത്തിയിരുന്നു. ഇപ്പോൾ ഇത് നിലച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |