
മലപ്പുറം:വിവിധയിടങ്ങളിലേക്ക് മാറ്റാവുന്ന യൂണിറ്റുകളിലേക്ക് തെരുവുനായ്ക്കളെ എത്തിച്ച് വന്ധ്യംകരിക്കാൻ ലക്ഷ്യമിട്ടുളള പോർട്ടബിൾ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി)പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കം പാളി. ഏഴ് ജില്ലകളിൽ നടപ്പാക്കാനുളള രണ്ടുകോടി രൂപ ലാപ്സായി. പദ്ധതിനിർവഹണത്തിലെ വീഴ്ചകൾമൂലം ഫണ്ട് വിനിയോഗിക്കാനായില്ല.സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2.18 ലക്ഷം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പേവിഷബാധയേറ്റ് 14 മരണങ്ങളുമുണ്ടായി. 2025-26 സാമ്പത്തികവർഷത്തിൽ കൊല്ലം, തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ, പാലക്കാട്, കോട്ടയം ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് മൃഗസംരക്ഷണവകുപ്പ് ലക്ഷ്യമിട്ടത്.
സ്ഥിരം എ.ബി.സി.കേന്ദ്രങ്ങൾക്കുളള ഭൂമിയും അടിസ്ഥാനസൗകര്യങ്ങളും കണ്ടെത്തുന്നതിലെ പ്രയാസങ്ങൾക്കും പ്രാദേശികഎതിർപ്പുകൾക്കും പരിഹാരമായാണ് മൊബൈൽ യൂണിറ്റുകൾ ഒരുക്കിയത്. ശസ്ത്രക്രിയയ്ക്കുശേഷം 45 ദിവസത്തെ പരിചരണവും ആന്റിറാബീസ് വാക്സിനേഷനും നൽകി നായ്ക്കളെ പിടികൂടിയ സ്ഥലത്തുവിടും. രാജ്യത്തെ ആദ്യ പോർട്ടബിൾയൂണിറ്റ് 2025 ഒക്ടോബറിൽ നെടുമങ്ങാട് നഗരസഭയിലാണ് ആരംഭിച്ചത്. ഒരുവർഷമായിട്ടും പദ്ധതി പൈലറ്റ് ഘട്ടത്തിലാണ്.
5വർഷം, കടിയേറ്റവർ 17 ലക്ഷം
2021 മുതൽ ഇതുവരെ 17.20 ലക്ഷം പേർക്ക് കടിയേറ്റിട്ടുണ്ട്. 136 പേർ പേവിഷബാധയേറ്റ് മരിച്ചു. 2021ൽ 2,21,379 പേർക്ക് കടിയേറ്റു. 2025ൽ 3,69,272 ആയി ഉയർന്നു. ഈ വർഷം കൂടുതൽ പേർക്ക് കടിയേറ്റത് തിരുവനന്തപുരത്താണ്, 34,458.
മൂന്ന് പേർ മരണപ്പെട്ടു. കൊല്ലം ജില്ലയിലാണ് കൂടുതൽ മരണം, നാലുപേർ. 25,101 പേർക്ക് കടിയേറ്റു.
വർഷം....കടിയേറ്റവർ...പേവിഷബാധാമരണം
2021........................2,21,379............................11
2022........................2,88,866...........................27
2023.........................3,06,427....................... 25
2024.........................3,16,793........................26
2025.........................3,69,276.......................33
2026.........................2,18,080.......................14
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |