കൊച്ചി: മൃഗാശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം ഹസ്കി ഇനത്തിൽപ്പെട്ട തന്റെ നായ തളർന്നുപോയെന്ന് യുവാവ്. എറണാകുളം വടക്കൻ പറവൂരിലാണ് സംഭവം. നായയുടെ ഉടമയായ വിഷ്ണുപ്രസാദ് മൃഗാശുപത്രിക്ക് മുന്നിൽ സമരം നടത്തി. ചികിത്സാ ചെലവ് ആശുപത്രി അധികൃതർ വഹിക്കണം അല്ലെങ്കിൽ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
രണ്ട് മാസം മുമ്പ് വലതുകാൽ ചലിപ്പിക്കാനുള്ള ചെറിയ പ്രശ്നങ്ങൾ കണ്ടതോടെയാണ് നോർത്ത് പറവൂരിലെ സർക്കാർ മൃഗാശുപത്രിയിൽ അക്കീറ എന്ന വളർത്തുനായയുമായി വിഷ്ണുപ്രസാദ് എത്തിയത്. എന്നാൽ, സാധാരണ പനി മാത്രമാണെന്ന് പറഞ്ഞ് ഡോക്ടർമാർ മടക്കി അയക്കുകയായിരുന്നു. ദിവസം കഴിയുംതോറും നായയുടെ ചലനശേഷി ഇല്ലാതായി വരുന്നുണ്ടായിരുന്നു. രണ്ടുതവണ പോയിട്ടും നായയ്ക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു.
പൂർണമായും തളർന്ന സ്ഥിതിയിലായ നായയെ പിന്നീട് മണ്ണൂത്തിയിലെ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ ചികിത്സയിൽ കരളിൽ ട്യൂമറാണെന്ന് കണ്ടെത്തി. നിലവിൽ രോഗം ശരീരത്തിന്റെ പല ഭാഗത്തും വ്യാപിച്ചതിനാൽ ഇനി പഴയസ്ഥിതിയിലേക്ക് വരാൻ സാദ്ധ്യത കുറവാണെന്നും ദയാവധം നടത്തണമെന്നുമാണ് മണ്ണൂത്തിയിലെ ഡോക്ടർമാർ പറഞ്ഞതെന്ന് വിഷ്ണുപ്രസാദ് പറഞ്ഞു. എന്നാൽ, പഴയ സ്ഥിതിയിലേക്ക് നായ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഉടമ.
'പൊലീസിൽ കേസ് കൊടുത്തിട്ടുണ്ട്. ഇവിടെ നിന്ന് എന്നെ കരയിച്ചാണ് വിട്ടത്. അനിമൽ ഹസ്ബന്ററിയിലും കേസ് കൊടുത്തു. പലതവണ വിളിച്ചിട്ടും അവരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. കോടതി വഴി നഷ്ടപരിഹാരത്തിന് പോകാനാണ് പറയുന്നത്. എനിക്ക് പൈസ കിട്ടിയിട്ട് എന്തിനാണ്? നായയെ പഴയ സ്ഥിതിയിലാക്കുക എന്നതാണ് എന്റെ ലക്ഷ്യം. അത് കേൾക്കാൻ ആരും തയ്യാറല്ല' - വിഷ്ണുപ്രസാദ് പറഞ്ഞു.
Vishnuprasad protested outside a government veterinary hospital in North Paravur, alleging that improper treatment left his Husky, Akira, paralysed. Another hospital reportedly diagnosed a liver tumour that had spread throughout the dog's body. Doctors said recovery was unlikely and suggested euthanasia, but the owner hopes his dog will recover. He has filed complaints with the police and Animal Husbandry Department.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |