SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

സമരം തീർന്നാലും റേഷൻ വൈകും; കടകളിൽ സ്റ്റോക്ക് എത്തണം

ration

കണ്ണൂർ:റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരവും എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് അരി എത്തിക്കുന്ന വിതരണ കരാർ ജീവനക്കാരുടെ സമരവും അവസാനിച്ചെങ്കിലും കടകളിൽ സ്‌റ്റോക്കെത്താൻ ഇനിയും വൈകിയേക്കും. നവംബ‌ർ പകുതി വരെയുള്ള കുടിശിക ഇന്നലെ നൽകാമെന്ന ഉറപ്പിൽ വിതരണ കരാറുകാർ സമരം അവസാനിപ്പിച്ചെങ്കിലും എഫ്.സി.ഐ ഗോഡൗണുകളിലെ ലോറി ഡ്രൈവർമാർ വിതരണക്കാർക്ക് വേണ്ടി ലോഡ് കൊണ്ടുപോകാൻ തയാറായിട്ടില്ലെന്നതാണ് പ്രധാന പ്രശ്നം.
ഓരോ ദിവസത്തെയും ലോഡ് എത്തിക്കുന്ന തുക അതാത് ദിവസം തന്നെ നൽകണമെന്നാണ് ഇപ്പോൾ എഫ്.സി.ഐ ഗോഡൗണുകളിലെ ലോറി ഡ്രൈവർമാർ വിതരണക്കാരോട് ആവശ്യപ്പെടുന്നത്. എന്നാൽ ഇത് സാദ്ധ്യമല്ലെന്നാണ് വിതരണ കരാറുകാർ പറയുന്നത്. സർക്കാരിൽ നിന്ന് പണം ലഭിക്കാഞ്ഞിട്ടും ഡിസംബർ വരെയുള്ള എഫ്.സി.ഐ ഗോഡൗണുകളിലെ ലോറി വാടക കൃത്യമായി നൽകിയിട്ടുണ്ട്. ജനുവരി മാസം ഇതുവരെ ലോഡ് എടുത്തിട്ടുമില്ല. അതിനാൽ ലോറി ഉടമകളുടെ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് വിതരണക്കാരുടേത്.

നിലവിൽ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് അരിയെടുത്ത് സപ്ലൈകോയുടെ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കെത്തിച്ച് ശേഷമാണ് കരാറുകാർ റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് വിതരണക്കാരുടെ വാഹനത്തിൽ നേരിട്ട് സാധനം എടുക്കാൻ സാധിക്കില്ല.

ഇതോടെ റേഷൻ കടകളെ ആശ്രയിച്ച് കഴിയുന്നവർ വീണ്ടും പ്രതിസന്ധിയിലായിട്ടുണ്ട്. ഗോഡൗണുകളിലേക്കും റേഷൻ കടകളിലേക്കും അരി എത്തിച്ച വകയിൽ ഭീമമായ കുടിശിക നേരിട്ട കരാറുകാർ ഈ മാസം ഒന്നിന് ശേഷമാണ് സമരം പ്രഖ്യാപിച്ചത്. അതിനാൽ ജനുവരി മാസത്തെ റേഷൻ വിഹിതം റേഷൻ കടകളിൽ എത്തിയിരുന്നില്ല. ഡിസംബറിലെ വിഹിതത്തിൽ ബാക്കിയുള്ള ധാന്യങ്ങളാണ് ഈ മാസം തുടക്കത്തിൽ റേഷൻ കടകളിലൂടെ വിതരണം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL