SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

വേതനവും ആനൂകൂല്യവുമില്ല 5 മാസം കൈത്തറി ജീവനക്കാ‌ർ പ്രക്ഷോഭത്തിലേക്ക്

handwave

#സംയുക്ത സമര സമിതി രൂപീകരിച്ചു

കണ്ണൂർ: അഞ്ച് മാസത്തെ വേതനം മുടങ്ങിയതോടെ കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ് ) ജീവനക്കാ‌ർ വീണ്ടും പ്രക്ഷോഭത്തിലേക്ക്.ഇതിന് മുന്നോടിയായി തൊഴിലാളികൾ സംയുക്ത സമര സമിതി രൂപീകരിച്ചു.സർക്കാർ ഫണ്ട് യഥാസമയം കിട്ടാതായതോടെയാണ് കൈത്തറി മേഖലയിൽ വേതനം മുടങ്ങിയത്.നിലവിൽ ആഭ്യന്തര ഉത്പ്പാദനമൊന്നും തന്നെ നടക്കാതാതോടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് ജീവനക്കാ‌ർ കടന്നു പോകുന്നത്.

വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും ഇതുവരെ വിതരണം ചെയ്തില്ല. പെൻഷനായി കഴിഞ്ഞാൽ യഥാസമയം ആനുകൂല്യം ലഭിക്കണമെന്നിരിക്കെ വിരമിച്ച് രണ്ടും മൂന്നും നാലും വർഷങ്ങൾ കഴിഞ്ഞവർക്ക് ഗ്രാറ്റുവിറ്റി, സറണ്ടർ, പെൻഷൻ, ഡി.എ തുടങ്ങിയവ ഒന്നും നാളിതുവരെയും നൽകിയിട്ടില്ല.2019 മുതൽ വിരമിച്ചവർക്കുള്ള ആനുകൂല്യവും കുടിശ്ശികയാണ്. നാൽപതോളം ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് മുടങ്ങിയിരിക്കുന്നത്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ്യിൽ ഹാൻവീവ് ചെയർമാന് നിവേദനം നൽകിയിരുന്നു. ഇതുപ്രകാരം രണ്ടുമാസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിയായിട്ടില്ല

ശമ്പളപരിഷ്കരണവുമില്ല

സംസ്ഥാനത്ത് നടപ്പാക്കിയ മൂന്ന് ശമ്പള പരിഷ്‌ക്കരണവും ഹാൻവീവിൽ എത്തിയിട്ടില്ല. 2004 ലെ ശമ്പളപരിഷ്‌ക്കരണമാണ് ഹാൻവീവ് നടപ്പാക്കിവരുന്നത്. ഇതുമൂലം വിരമിച്ച ജീവനക്കാരിൽ 90ശതമാനം പേർക്കും തുഛമായ തുകയാണ് ആനുകൂല്യമായി ലഭിക്കാനുള്ളത്. ഓരോ മാസവും രണ്ടു വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകുമെന്ന് കോടതിയിൽ ഉറപ്പു നൽകി ഒരു വർഷം കഴിഞ്ഞെങ്കിലും വാക്കു പാലിക്കപ്പെട്ടിട്ടില്ല.

ഹാൻവീവിൽ ഇങ്ങനെയാണ്

സംസ്ഥാനത്ത് ആകെ ജീവനക്കാർ 169

കണ്ണൂർ ജില്ലയിൽ മാത്രം 70

സൗജന്യ യൂണിഫോം പദ്ധതി കുടിശ്ശിക 4 കോടി

വിരമിച്ചിട്ടും ആനൂകൂല്യം ലഭിക്കാത്തവർ 40

സമരത്തിൽ കൊടിയുടെ നിറം നോക്കില്ല

പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭസമരങ്ങൾ നടത്തുന്നതിന് സ്ഥാപനത്തിലെ സി.ഐ.ടിയു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യുസി, എസ് .ടി .യു യൂണിയനുകളുടെ നേതൃത്വത്തിൽ സമരസമിതി രൂപീകരിച്ചു.ഫെബ്രുവരി പത്തിന് കണ്ണൂർ ഹാൻവീവ് ഹെഡ് ഓഫീസിൽ മുന്നിൽ നടക്കുന്ന സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ.രാജനും ഫെബ്രുവരി 19ന് സെക്രട്ടറിയേറ്റ് മുന്നിൽ നടക്കുന്ന സമരം എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ടി.പി.രാമകൃഷ്ണനും ഉദ്ഘാടനം ചെയ്യും.യോഗത്തിൽ ടി.കെ.രാജൻ ,കെ.മനോഹരൻ ( സി ഐ.ടി.യു) ,സി.പി.സന്തോഷ് കുമാർ, കെ.ഷാജി(എ.ഐ.ടി.യു.സി ), ടി. കെ.മുഹമ്മദ് (എസ്.ടി.യു ) എന്നിവ‌ർ പ്രസംഗിച്ചു.

ആവശ്യങ്ങൾ

#ശമ്പള കുടിശ്ശിക അനുവദിക്കണം

#ശമ്പളം കൃത്യസമയത്ത് നൽകണം

#സർക്കാർ സാമ്പത്തിക സഹായം

#വൈവിധ്യവത്ക്കരണം നടപ്പിലാക്കണം

#കേന്ദ്ര റിബേറ്റ് പുനസ്ഥാപിക്കണം

#ജി.എസ്.ടി ഒഴിവാക്കണം

#ശമ്പളപരിഷ്കരണം

#വിരമിച്ചവർക്ക് യഥാസമയം ആനുകൂല്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL