
കണ്ണൂർ : കാലം പ്രതിസന്ധികൾ കൊണ്ട് നിരന്തരം വേട്ടയാടിയിട്ടും തളരാതെ നിറപുഞ്ചിരിയുമായി മുന്നോട്ട് നീങ്ങുകയാണ് കരിവെള്ളൂരിലെ വെരീക്കരയിലെ എ.സനേഷ് . ജന്മനാ കാഴ്ചാപരിമിതിയുള്ള ഈ 33കാരൻ വേദികളിൽ അനുഗ്രഹീത സംഗീതം കൊണ്ടും സാഹിത്യസദസുകളിൽ ചർച്ചകളിലൂടെ അർത്ഥഗർഭമാക്കിയും പേരെടുക്കുകയാണ്.
കേരളത്തിലങ്ങളോളമിങ്ങോളമുള്ള നാടൻപാട്ട് ആസ്വാദകർക്കിടയിൽ തിരിച്ചറിയുന്ന പേരാണ് സനേഷിന്റെത്. മനോഹരമായ ശബ്ദവും ആലാപനമികവും കൊണ്ട് നല്ലൊരു ആരാധനാവൃന്ദം തന്നെ ഈ യുവാവിനുണ്ട്. മലയാള ടെലിവിഷൻ ചാനലുകളിലും തന്റെ പാട്ടുമായെത്തി കൈയടി നേടിയിട്ടുണ്ട് സനേഷ്. 15 കലാകാരന്മാരെ അണിനിരത്തി മഴവിൽ ഫോക് ബാൻഡ് എന്ന കൂട്ടായ്മ രൂപീകരിച്ച് നാടൻ പാട്ട് വേദികളിൽ തരംഗം സൃഷ്ടിക്കാനും ഈ ചെറുപ്പക്കാരന് സാധിച്ചു. നാടൻപാട്ടിലെ മികവിന് 2020ൽ കേരള ഫോക്‌ലോർ അക്കാഡമി അവാർഡും നേടി.
പാട്ടിൽ മാത്രമല്ല,സാഹിത്യത്തിലും അതീവതൽപരനാണ് സനേഷ്. ഇതിനകം മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നെറ്റ്, ജെ.ആർ.എഫ് യോഗ്യതയും കരസ്ഥമാക്കിയ ഈ യുവാവ് നാടിന് തന്നെ അഭിമാനമാണിന്ന്.നാട്ടിലെ പുസ്തകചർച്ചകളെ നയിക്കാനുള്ള ദൗത്യവും ഏറ്റെടുക്കാറുണ്ട്. നാട്ടിലെ രാഷ്ട്രീയ,സാമൂഹ്യ രംഗങ്ങളിലും സജീവസാന്നിദ്ധ്യമായി
പരാതയായ എ.സാവിത്രിയാണ് സനേഷിന്റെ മാതാവ് .ഭാര്യ കെ.ശ്യാമിലി. ആരവ് , ദ്രുത എന്നിവർ മക്കളും.
പരിമിതികളെ പടിയടക്കാൻ പഠിപ്പിച്ചത് അച്ഛൻ
തന്റെ പരിമിതികളെ കഴിവുകളുപയോഗിച്ച് മറികടക്കുന്ന വിദ്യ സനേഷിന് പകർന്നത് അച്ഛൻ കൃഷ്ണനാണ്. കാഴ്ചാപരിമിതിയുള്ള അദ്ദേഹവും നാട്ടിന് പ്രിയപ്പെട്ടവനാണ്. പുഞ്ചിരി മായാതെ നാട്ടിലൂടെ നടന്നുനീങ്ങുന്ന കൃഷ്ണൻ നാട്ടുകാർക്ക് കൃഷ്ണേട്ടനാണ്. സനേഷിന്റെ സഹോദരൻ കൃഷ്ണകുമാറിനും കാഴ്ചാവൈകല്യമുണ്ട്. സഹോദരന്റെയും പിതാവിന്റെയും അതേ വഴിയിലൂടെ നീങ്ങുന്ന കൃഷ്ണകുമാർ വയനാട് എടത്തണ ഗവ.യു.പി സ്കൂൾ അദ്ധ്യാപകനാണ്. കുറവുകളിൽ മനസ് നൊന്ത് ചടഞ്ഞിരിക്കാതെ
സാമൂഹികമായി ഇടപെടുമ്പോൾ മാത്രമെ യഥാർത്ഥ മൂല്യമുള്ള മനുഷ്യൻ ആകാൻ കഴിയുകുയുള്ളുവെന്നാണ് കൃഷ്ണൻ തന്റെ രണ്ടുമക്കളെയും പഠിപ്പിച്ചിട്ടുള്ളത്.
“സാമൂഹികമായി ഇടപെടുമ്പോഴേ മൂല്യബോധമുള്ള മനുഷ്യനാവുകയുള്ളു. പരിമിതികളെ തരണം ചെയ്യുന്ന നായകന്മാർ എല്ലാവരുടെ ഉള്ളിലും ഉണ്ട് .അതിനെ മനസിലാക്കാൻ സാധിക്കണം. തോൽക്കാതെ കഴിയുന്ന മാർഗങ്ങൾ ഉപയോഗിച്ച് പ്രതിസന്ധികളെ തോൽപ്പിക്കണം “ എ.സനേഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |