SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

ഗതാഗത പരിഷ്‌കരണം വിജയകരം; തുടരാൻ തീരുമാനം ; പുതിയതെരുവിൽ ചുവപ്പണഞ്ഞു

puthiyatheru

#പള്ളിക്കുളത്തും പുതിയതെരുവിലും ഇന്നുമുതൽ പുതിയ ബസ് സ്റ്റോപ്പുകൾ

കണ്ണൂർ പുതിയതെരുവിൽ അഞ്ചുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരണം വിജയകരമായതിന്റെ അടിസ്ഥാനത്തിൽ ചില ഭേദഗതികളോടെ തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനം.കാലങ്ങളായി കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട് റെഡ് സോണിൽ ആയിരുന്ന പുതിയതെരു പട്ടണം പുതിയ പരിഷ്‌കരണത്തിൽ ഗ്രീൻ സോണിലേക്ക് മാറിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
ഗതാഗത പരിഷ്‌കരണത്തെ തുടർന്ന് പുതിയതെരുവിലെ ഗതാഗതകുരുക്ക് ഒഴിഞ്ഞെന്ന് യോഗം വിലയിരുത്തി. ബസ് ഉടമകളുടെയും ബസ് ജീവനക്കാരുടെയും മോട്ടോർ തൊഴിലാളികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സംഘടനാ ഭാരവാഹികൾ ഗതാഗത പരിഷ്‌കരണത്തെ പൂർണ്ണമായും പിന്തുണച്ചു. ഇന്നലെ രാവിലെ കളക്ടറേറ്റിൽ എം.എൽ.എയും ജില്ലാ കളക്ടർ അരുൺ കെ.വിജയനും ആർ.ടി.ഒയും പങ്കെടുത്ത യോഗവും ഗതാഗതപരിഷ്‌കരണം വിജയകരമാണെന്ന് വിലയിരുത്തിയിരുന്നു.

കെ.വി.സുമേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിലാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചിറക്കൽ പഞ്ചായത്തിൽ യോഗം ചേർന്നത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി , വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, കണ്ണൂർ ആർ.ടി.ഒ ഇ.എസ്.ഉണ്ണികൃഷ്ണൻ, വളപട്ടണം സി.ഐ ടി.പി.സുമേഷ്, എസ്‌.ഐ പി.ഉണ്ണികൃഷ്ണൻ, ബസ് ഉടമകളുടെയും ബസ് ജീവനക്കാരുടെയും മോട്ടോർ തൊഴിലാളികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

പള്ളിക്കുളത്ത് ടൗൺ ടു ടൗൺ നിർത്തും

തളിപ്പറമ്പ് ഭാഗത്തേക്കുള്ള ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള ബസ്സുകൾക്ക് പള്ളിക്കുളത്ത് ഇന്നുമുതൽ മുതൽ സ്റ്റോപ്പ് അനുവദിച്ചു.

മറ്റ് തീരുമാനങ്ങൾ

#ലോക്കൽ ബസുകൾക്ക് മാഗ്നറ്റ് ഹോട്ടലിന് എതിർവശത്ത് പുതിയ സ്റ്റോപ്പ് അനുവദിക്കും

#നിലവിൽ ഹൈവേ ജംഗ്ഷന് സമീപത്തേക്ക് മാറ്റിയ പുതിയ ബസ് സ്റ്റോപ്പ് തുടരും

#യൂ ടേൺ എടുക്കുന്നതിനു മുമ്പായി മയ്യിൽ ഭാഗത്തേക്കുള്ള ബസുകളും ഇവിടെ നിർത്തും

# ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിച്ച് വില്ലേജ് ഓഫീസിന് എതിർവശത്തെ പഴയ ബസ് സ്റ്റോപ്പ് സ്ഥിരം ബസ് ബേ ആക്കും.

#തളിപ്പറമ്പ്, അഴീക്കോട് ഭാഗത്തേക്കുള്ള ലോക്കൽ ബസ്സുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കും

സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ ബ്ലോക്ക് ഉണ്ടായിരുന്ന സ്ഥലമാണ് പുതിയതെരു. പരിഷ്‌കരണത്തിലൂടെ വലിയ മാറ്റം കൊണ്ടുവരാൻ സാധിച്ചു- കെ.വി.സുമേഷ് എം.എൽ.എ

പുതിയതെരുവിലെ അഞ്ചുദിവസത്തെ ട്രാഫിക് പരിഷ്കാരത്തോടെ 15മിനിറ്റ് മുതൽ ഒരു മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്ക് തീർത്തും ഇല്ലാതായി-കണ്ണൂർ ആർ.ടി.ഒ ഇ.എസ്.ഉണ്ണികൃഷ്ണൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL