SignIn
Kerala Kaumudi Online
Thursday, 22 October 2026 7.07 PM IST

പശിയടങ്ങിയത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രണ്ടു വർഷം... ഏഴു ലക്ഷം സ്നേഹപ്പൊതികൾ

dyfi
പൊതിച്ചോറ് നൽകുന്ന ഡി വൈ എഫ് ഐ പ്രവർത്തകർ, പൊതിച്ചോറ് ഒരുക്കുന്ന വായോധിക

കണ്ണൂർ: പരിയാരം കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ രണ്ടുവർഷമായി വിശന്നിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. വയറെരിയുന്നവന്റെ മിഴി നനയാതിരിക്കാൻ എന്ന മനുഷ്യത്വ മുദ്രവാക്യവുമായി ഡി.വൈ.എഫ്.ഐ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന പൊതിച്ചോറാണ് ഇതിനു പിന്നിൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സംഘടന ഇവിടെ മാത്രം വിതരണം ചെയ്തത് ഏഴ് ലക്ഷത്തോളം പൊതച്ചോറുകൾ.

കണ്ണൂരിലെ മറ്റ് സർക്കാർ ആശുപത്രികളിലും ഡി.വൈ.എഫ്.ഐ പൊതിച്ചോറുകൾ നൽകി വരുന്നുണ്ട്. ആശുപത്രികളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലേക്ക് ഉച്ചയ്ക്ക് മുന്നേ ആവശ്യക്കാരുടെ നീണ്ട നിരയാണ്. പണമില്ലാത്തതിനാൽ ആരും പട്ടിണി കിടക്കരുത് എന്ന മനുഷ്യത്വ ബോധമാണ് ഈ മുന്നേറ്റത്തിന് കാരണമായത്. ഓരോ ദിവസവും വിവിധ ബ്ലോക്ക് കമ്മിറ്റികൾക്ക് കീഴിലെ മേഖലാ കമ്മിറ്റികളാണ് പൊതിച്ചോറെത്തിക്കുക. ഓരോ വീട്ടിലെയും സ്‌നേഹവും കരുതലുമാണ് ഓരോ പൊതികളും. ജാതിയോ മതമോ വർഗ്ഗമോ ഭാഷയോ നോക്കാതെ ഓരോ വീടുകളിലെയും അടുക്കളയിൽ നിന്നാണ് ആശുപത്രികളലേക്ക് ഈ പൊതിച്ചോറുകൾ എത്തുക. വീടുകളിൽ നിന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊതിച്ചോറുകൾ ശേഖരിച്ച് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ദിവസങ്ങളിൽ ആ പ്രദേശത്ത് ഉത്സവാന്തരീക്ഷമാണ്. രാഷ്ട്രീയം നോക്കാതെ എല്ലാ വിഭാഗത്തിൽ പെടുന്നവരും ഇതിന്റെ ഭാഗമാകുന്നു.

സൗജന്യമായി നൽകുന്ന പൊതിച്ചോറുകളിൽ പലപ്പോഴും അതത് കുടുംബങ്ങൾ സ്‌നേഹ സമ്മാനങ്ങളും വയ്ക്കാറുണ്ട്. പയ്യന്നൂർ, മാടായി, പെരങ്ങോം, തളിപ്പറമ്പ്, പാപ്പിനിശ്ശേരി, ശ്രീകണ്ഠപുരം, ആലക്കോട് തുടങ്ങിയ ബ്ലോക്കുകളിലെ വിവിധ മേഖല കമ്മിറ്റികളാണ് മെഡിക്കൽ കോളേജിലേക്ക് പൊതിച്ചോറുകൾ നൽകുന്നത്.

വീടുകളിൽ നിന്നും നാട്ടുകാരിൽ നിന്നും നല്ല പ്രതികരണമാണ് ഈ കാലമത്രയും ഉണ്ടായിട്ടുള്ളത്. എല്ലാവരുടെയും കൂട്ടായ ഒരു പ്രവർത്തനം കൂടിയാണ് ഇത്. ഭക്ഷണം കഴിക്കുന്നവരുടെ ചിരി മാത്രമാണ് ഡി.വൈ.എഫ്.ഐയുടെ ലാഭം. അതുമാത്രമാണ് പ്രതീക്ഷിക്കുന്നതും.

എ.കെ സുമേഷ്, ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി അംഗം

വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്നതിലും വലിയ പുണ്യമൊന്നും ഇല്ല. എല്ലാ കാലവും ഇത് തുടരാനാകട്ടെ എന്നാണ് പ്രാർത്ഥന.

ദേവകി (ഒരു രോഗിയുടെ കൂട്ടിരിപ്പുകാരി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL