
കണ്ണൂർ: കുട്ടികളുടെ പ്രശ്‌നങ്ങൾ നിരീക്ഷിച്ച് വേണ്ട സംരക്ഷണം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിൽ രൂപീകരിച്ച ചൈൽഡ് പ്രൊട്ടക്ഷൻ കമ്മറ്റികൾ പ്രവർത്തനരഹിതം.സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലെയും വാർഡുകളിൽ ഗ്രാമതല ശിശുസംരക്ഷണ സമിതി രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവ് വന്നിട്ട് വർഷങ്ങളായെങ്കിലും 75 ശതമാനം വാർഡുകളിലും ഇത് യാഥാർത്ഥ്യമായില്ല. കുട്ടികൾക്കെതിരെയുള്ള അക്രമം വലിയതോതിൽ വർദ്ധിക്കുമ്പോഴാണ് സർക്കാർ ഉത്തരവ് നടപ്പാക്കാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മാറിനിൽക്കുന്നത്.
കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വൻതോതിലാണ് സമീപകാലത്ത് വർദ്ധിച്ചതെന്നാണ് കണക്കുകൾ. കുറ്റകൃത്യങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് പൊലീസ്, ശിശുക്ഷേമസമിതികളുടെ കാര്യക്ഷമത വർദ്ധിച്ചതുമൂലമാണെന്ന വാദം അംഗീകരിച്ചാൽ പോലും ഇത്തരം സമിതികൾ കാര്യക്ഷമമാകുന്നത് വലിയതോതിൽ ഫലം ചെയ്യുമെന്നാണ് വിദഗ്ധാഭിപ്രായം.
ഏറ്റവും അടിത്തട്ടിൽ നിന്നും ഇടപെടാൻ ഇത്തരം കമ്മിറ്റികൾക്ക് കഴിയുമെന്നിരിക്കെയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉത്തരവ് നടപ്പാക്കാതെ മാറിനിൽക്കുന്നത്. ഉത്തരവ് പാലിച്ച്
രൂപീകരിച്ച സമിതികൾ തന്നെ നിലവിൽ നിശ്ചലമായ സ്ഥിതിയിലാണ്.
ചെറുതല്ല കുട്ടികൾക്കെതിരായ അക്രമം
(സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് )
2024 നവംബർ വരെ 4727
2023 4641
2022 4518
കഴിഞ്ഞ വർഷം കുട്ടികളെ തട്ടിക്കൊണ്ടുപോയതിൽ രജിസ്റ്റർ ചെയ്ത കേസുകൾ 102
ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികളുടെ ലക്ഷ്യം
കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുക
കുട്ടികളുടെ വികസനത്തിനും സംരക്ഷണത്തിനുമായുള്ള പദ്ധതികളുടെ ഏകോപനം
പരിതാപകരമായ ജീവിത സാഹചര്യങ്ങളുള്ള കുട്ടികളെ കണ്ടെത്തൽ
കുട്ടികളുടെ മേഖലയിലുള്ള സേവനദാതാക്കളെ കണ്ടെത്തി പിന്തുണ നൽകുക
ചൂഷണ രഹിതമായ സമൂഹത്തെ സൃഷ്ടിക്കുക
ശക്തമായ സംവിധാനമാകാം
കുട്ടികളുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ കഴിയുന്ന ശക്തമായ സംവിധാനമായി ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾക്ക് മാറാൻ സാധിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ കോ-ചെയർമാനുമായ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നത്. ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളിൽ മാത്രം ബാലാവകാശ കമ്മിഷൻ ഇടപെട്ടാൽ മതിയാകും.എന്നാൽ നിലവിൽ കമ്മറ്റിയുടെ ഫണ്ട് സ്‌കോളർഷിപ്പ് നൽകാനായി മാത്രം വിനിയോഗിക്കുകയാണെന്നും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |