
കാസർകോട്: റംസാൻ മാസം ആരംഭിച്ചതും പരീക്ഷക്കാലം തുടങ്ങിയതും കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ കാസ്രോടൻ ഉല്ലാസ യാത്രക്ക് വിഘാതമായി. മാർച്ച് എട്ടിന്റെ ലോകവനിതാ ദിനത്തിൽ സ്ത്രീകളെ മാത്രം കയറ്റി സ്‌പെഷ്യൽ ബസ് സർവ്വീസ് നടത്താൻ കാസർകോട് ഡിപ്പോയിൽ നിന്ന് തീരുമാനിച്ചിരുന്നെങ്കിലും സ്ത്രീകളുടെ ബുക്കിംഗ് കുറവായതിനാൽ അവസാന നിമിഷത്തിൽ സ്‌പെഷ്യൽ ട്രിപ്പ് റദ്ദാക്കേണ്ടിവന്നു. കെ. എസ്.ആർ.ടി. സി. കേരളത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഈ സ്‌പെഷ്യൽ ടൂറിസ്റ്റു ബസോട്ടം നടത്തുന്നതിന്റെ ഭാഗമായാണ് കാസർകോടും കിടിലൻ ട്രിപ്പ് പ്ലാൻ ചെയ്തത്. സ്ത്രീകൾ മാത്രം ഉണ്ടാകുന്ന 'ഒരു കാസ്രോടൻ ഉല്ലാസ യാത്ര'യിൽ വയനാടൻ ട്രിപ്പ് ആണ് ഉദ്ദേശിച്ചിരുന്നത്. കുടുംബശ്രീ അടക്കമുള്ള വിവിധ വനിതാ ഗ്രൂപ്പുകളെ അടക്കം ഉദ്ദേശിച്ചാണ് വനിതകളുടെ ഹാപ്പി ഓട്ടം ആഗ്രഹിച്ചത്. 35 സ്ത്രീ യാത്രക്കാരുടെ ബുക്കിംഗ് ലഭിച്ചിരുന്നെങ്കിൽ കാസർകോട് കെ.എസ്.ആർ.ടി.സി യൂണിറ്റിൽ നിന്ന് വയനാട്ടിലെ ബാണാസുര സാഗർ, പൂക്കോട് തടാകം, എൻ ഊര്, ഹണി മ്യുസിയം, ജംഗിൾ സഫാരി എന്നീ കേന്ദ്രങ്ങളിലെത്തി വനിതകൾക്ക് ഒരുമിച്ച് ഉല്ലസിച്ചു മടങ്ങാമായിരുന്നു. പക്ഷെ ഇന്നലെ വരെ 22 വനിതാ യാത്രക്കാരാണ് ട്രിപ്പിൾ ബുക്ക് ചെയ്തത്. ഇവരെയും കൊണ്ട് സർവ്വീസ് നടത്തിയാൽ കിടിലൻ യാത്രക്ക് ഒപ്പം നഷ്ടവും കിടിലൻ ആകുമെന്നതിനാൽ വനിതാ ദിന വനിതാ യാത്ര ഒഴിവാക്കുകയായിരുന്നു. കെ എസ് ആർ ടി സി ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ കീഴിലാണ് ഉല്ലാസ യാത്രകൾ ഒരുക്കുന്നത്. കാസർകോട് ഡിപ്പോയിൽ നിന്ന് പ്രത്യേക പാക്കേജിൽ വയനാട്, പൈതൽമല, റാണീപുരം എന്നിവിടങ്ങളിലേക്ക് ഇതിന് മുമ്പ് നടത്തിയ യാത്രകൾ 'ഹിറ്റ്' ആയിരുന്നു.
കാഞ്ഞങ്ങാട് നിന്നുണ്ട് വനിതാ ട്രിപ്പ്
കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ഇന്ന് രാവിലെ വനിതാ ബസ് യാത്ര ചെയ്യുന്നുണ്ട്. പറശിനിക്കടവ്, സ്നേക്ക് പാർക്ക്, വളപട്ടണം ബോട്ടിംഗ്, അറക്കൽ മ്യുസിയം, സെന്റ് ആഞ്ചലോ കോട്ട, പയ്യാമ്പലം ബീച്ച്, മാട്ടൂൽ എന്നിവിടങ്ങളിലേക്കാണ് യാത്ര. 39 സീറ്റുള്ള ബസിൽ 30 യാത്രക്കാർ ബുക്ക് ചെയ്തിട്ടുണ്ട്. തികച്ചും ആളില്ലെങ്കിലും ഈ വനിതാ ഔട്ടിംഗ് നമ്മൾ നടത്തുകയാണെന്ന് കാഞ്ഞങ്ങാട് ഡിപ്പോ കോ ഓഡിനേറ്റർ പ്രദീപ് കുമാർ പറഞ്ഞു. രാവിലെ 6.30 ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടും. രാത്രി ഏഴ് മണിക്ക് തിരിച്ചെത്തും. 450 രൂപയ്ക്കാണ് സ്‌പെഷ്യൽ ട്രിപ്പ് ഒരുക്കുന്നത്.
ബൈറ്റ്
വനിതാദിനത്തിൽ കാസർകോട് നിന്ന് വനിതകളെ മാത്രം കയറ്റി ഒരു ട്രിപ്പ് പോകാമെന്നാണ് കരുതിയത്. നോമ്പും പരീക്ഷയുമാണ് ഞങ്ങളെ ബാധിച്ചത്. വനിതകളെ ബസ് യാത്രക്കായി ഒരുക്കുന്നതിനായി കുടുംബശ്രീയുമായി ബന്ധപ്പെട്ടവരെ ഞങ്ങൾ സമീപിച്ചിരുന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും വനിതാദിന പരിപാടികളും ഉള്ളതിനാൽ മുഴുവൻ ആളുകളെ കിട്ടിയില്ല. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ കാസ്രോഡൻ യാത്ര ഇനിയും തുടരും.
രാകേഷ്
( കാസർകോട് ഡിപ്പോ കോഓഡിനേറ്റർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |