SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.46 AM IST

ആവേശത്തിരയിളക്കി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ

nithin
ബി.ജെ.പി അഖിലേന്ത്യ അദ്ധ്യക്ഷൻ നിതിൻ നബീൽ മട്ടന്നൂരിൽ നടത്തിയ വിജയയാത്ര

മട്ടന്നൂർ: ബി.ജെ.പി അഖിലേന്ത്യ അദ്ധ്യക്ഷൻ നിതിൻ നബിനിന്റെ വിജയയാത്രയ്ക്ക് മട്ടന്നൂരിൽ വൻ ജനപങ്കാളിത്തം. ദേശീയ അദ്ധ്യക്ഷ പദവിയേറ്റ ശേഷം ആദ്യമായി മലബാറിലെത്തിയ നിതിൻ നബിനിനെ കാണാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ ഒത്തുചേർന്നു.
ഉച്ചനേരത്തെ കൊടുംചൂട് വകവയ്ക്കാതെ വനിതകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ വിജയയാത്രയിൽ അണിനിരന്നു. നിശ്ചയിച്ച സമയത്തിൽ നിന്ന് അൽപ്പം വൈകി വായാന്തോടിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ വാദ്യഘോഷങ്ങളും കലാരൂപങ്ങളും അണിനിരന്നു. തുറന്ന വാഹനത്തിൽ ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത് നിതിൻ നബീൽ മട്ടന്നൂർ നഗരവീഥികളിലൂടെ കടന്നുപോയി. തലശ്ശേരി റോഡിൽ പ്രവേശിച്ചപ്പോഴും ജനങ്ങൾ ഇരുഭാഗത്തും തിങ്ങിനിറഞ്ഞിരുന്നു. എൻ.എസ്.എസ് ബിൽഡിംഗ് പരിസരത്ത് സമാപിച്ച ഘോഷയാത്രയ്ക്ക് ശേഷം നിതിൻ നബീൽ വാഹനത്തിൽ നിന്നിറങ്ങി ജനക്കൂട്ടത്തിനിടയിലൂടെ നടന്ന് അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി.
രാജ്യസഭാ എം.പി സി. സദാനന്ദൻ, എൻ.ഡി.എ മണ്ഡലം സ്ഥാനാർത്ഥി ബിജു ഏളക്കുഴി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് എന്നിവർ നിതിൻ നബീലിനൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സമിതി അംഗങ്ങളായ വി.വി ചന്ദ്രൻ, വി.പി സുരേന്ദ്രൻ, ജില്ല, പ്രാദേശിക നേതാക്കൾ എന്നിവർ പങ്കെടുത്തു.

ഒത്തുകളി രാഷ്ട്രീയത്തിന്
അന്ത്യമാകും

പാനൂർ(കണ്ണൂർ): സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ഒത്തുകളി രാഷ്ട്രീയത്തിന്റെ അന്ത്യം ഈ നിയമസഭാ തരഞ്ഞെടുപ്പിലൂടെ സംഭവിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ. കൂത്തുപറമ്പ് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ. ഷിജിൻ ലാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാനൂരിൽ നടന്ന നമോ ഭാരത് യാത്രയും പൊതുസഭയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെത്തിയാൽ ഒറ്റക്കെട്ടായി നിൽക്കുന്നവർ കേരളത്തിൽ പരസ്പരം പോരടിച്ച് നാടകം കളിക്കുകയാണെന്ന് ജനം തിരിച്ചറിയണം. ശബരിമല സ്വർണക്കൊള്ളയിൽ ഇടതുവലത് മുന്നണികളുടെ അവിഹിത ധാരണ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം. ഈ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമാണ്. രാഹുൽ ഗാന്ധിക്ക് ശബരിമലയോടുള്ള സ്‌നേഹം കേരളത്തിൽ എത്തുമ്പോൾ മാത്രം ഉണ്ടാകുന്നതാണ്. തമിഴ്നാട്ടിൽ അതു കാണില്ല. വികസിത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥികളെ ജയിപ്പിക്കേണ്ടത് അനിവാര്യമാണെന്നും, ബി.ജെ.പിക്കുവേണ്ടി ജീവൻ ബലിദാനം ചെയ്തവരുടെ ത്യാഗം വൃഥാവിലാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL