SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലും ക്രമക്കേടെന്ന് വി. കുഞ്ഞികൃഷ്ണൻ

kunchi
വി. കുഞ്ഞികൃഷ്ണൻ

പയ്യന്നൂർ: സി.പി.എം ഏരിയാ കമ്മറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ടിലും ക്രമക്കേട് നടന്നതായി സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവും മണ്ഡലത്തിലെ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ഇന്നലെ രാവിലെ വെള്ളൂരിലെ വസതിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽകെട്ടിട നിർമ്മാണ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ടാണ് കുഞ്ഞികൃഷ്ണൻ പുതിയ ആരോപണം ഉന്നയിച്ചത്.

2017-ലെ സി.പി.എം പയ്യന്നൂർ ഏരിയ സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ ചേർത്തിട്ടുള്ള ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണ ചെലവ് സംബന്ധിച്ച് തരം തിരിച്ചുള്ള കണക്കുകൾ ഹാജരാക്കുവാൻ ഓഡിറ്റർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് രേഖാമൂലം നൽകിയ മറുപടിയിൽ ഇതു സംബന്ധിച്ച രേഖകൾ തിരിച്ചുകിട്ടാത്ത വിധം നഷ്ടപ്പെട്ടു പോയി എന്നാണറിയിച്ചിട്ടുള്ളത്. പ്രസ്തുത കണക്കുകൾ ലഭ്യമല്ലാത്തിടത്തോളം വരവ് - ചെലവ് കണക്കുകളിൽ വ്യക്തതയുണ്ടാക്കുവാൻ കഴിയില്ലെന്നും അതുകൊണ്ടുതന്നെ കെട്ടിട നിർമ്മാണം ചെലവ് സംബന്ധിച്ച പരിശോധനകൾ നടത്തുവാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. കണക്കുകൾ അന്തിമമായി അംഗീകരിക്കുന്നതു വരെ ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്നതിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ടെന്ന് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പെരുമാറ്റച്ചട്ട ലംഘനം വ്യാപകം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പയ്യന്നൂരിൽ എൽ.ഡി.എഫ് വ്യാപകമായി പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നതായും വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ദേശാഭിമാനി പത്രത്തിൽ സഹകരണ ബാങ്കുകൾ സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യം നൽകുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമവിദഗ്ദ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. പരാജയഭീതി മൂലം തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കുന്നതായും നാട്ടിലില്ലാത്തവരുടെ പേരിൽ വോട്ട് രേഖപ്പെടുത്താൻ നീക്കം നടക്കുന്നുണ്ടെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

രണ്ട് ബി.എൽ.ഒമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി പരസ്യമായി പ്രചാരണം നടത്തുന്ന ചിത്രം സഹിതം പരാതി നൽകിയിട്ടുണ്ട്. പല ബൂത്തുകളിലും വൈകുന്നേരം വരെ ഇരിക്കുവാൻ മറ്റ് കക്ഷികളെ അനുവദിക്കാത്ത

സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL